തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ തീപ്പിടിത്തം യാദൃശ്ചികമല്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. തീപ്പിടിത്തം പൊളിറ്റിക്കൽ ഡിപ്പാർട്ട്മെന്റിലാണ് നടന്നത്. ഈ അട്ടിമറി സ്വർണക്കടത്ത് കേസിലെ തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മാത്രമാണ്. അവിടെ സെൻട്രലൈസ്ഡ് എ.സിയുണ്ട്. സെൻഡ്രലൈസ്ഡ് എ.സിയുള്ളിടത്ത് എന്തിനാണ് ഫാൻ എന്ന് മനസിലാകുന്നില്ല. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ പഴയ ഫാൻ കൊണ്ട് കെട്ടി തൂക്കിയതാണ്. ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോൾ നവീകരിച്ച കെട്ടിടമാണത്. അവിടെ തീപിടിക്കാനുള്ള സാദ്ധ്യതകളില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സ്വപ്ന സുരേഷിനേയും ശിവശങ്കറിനേയും മുഖ്യമന്ത്രിയേയും രക്ഷിക്കാൻ വേണ്ടിയാണ് ഫയലുകൾ തീയിട്ടത്. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത് അവിശ്വാസ് മേത്തയായി മാറിയിരിക്കുകയാണ്. ജനങ്ങൾക്ക് ചീഫ് സെക്രട്ടറിയിൽ വിശ്വാസമില്ല. മാദ്ധ്യമപ്രവർത്തകരെ തള്ളുകയും പിടിക്കുകയും ചെയ്ത ചീഫ് സെക്രട്ടറി ആ പദവിയുടെ മഹത്വം മനസിലാക്കണമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.