തിരുവനന്തപുരം: സെക്രട്ടറിയേറ്റിലുണ്ടായ തീപിടിത്തം വ്യക്തമായ തിരക്കഥയുടെയും ആസൂത്രണത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. സെക്രട്ടറിയേറ്റിൽ തീപിടിത്തമുണ്ടാകാതിരിക്കാൻ എന്നപേരിൽ പൊതുഭരണവകുപ്പ് കഴിഞ്ഞമാസം ഇറക്കിയ സർക്കുലർ ഇതിന് തെളിവാണെന്നും തീ പിടിക്കാതിരിക്കാൻ ജാഗ്രതാ നടപടി സ്വീകരിക്കണമെന്നാണ് സർക്കുലറിൽ പറയുന്നതെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
'കഴിഞ്ഞദിവസം നടത്തിയ ആന്റിജൻ പരിശോധനയിൽ പ്രോട്ടോക്കോൾ ഓഫീസിലെ ചില ജീവനക്കാർക്കുമാത്രം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതും തിരക്കഥയുടെ ഭാഗമാണെന്നാണ് സംശയിക്കേണ്ടിയിരിക്കുന്നു. തീ അണച്ച് അല്പം കഴിഞ്ഞപ്പോൾത്തന്നെ പ്രധാനഫയലുകൾ നശിച്ചിട്ടില്ലെന്ന് അഡിഷണൽ സെക്രട്ടറി പറഞ്ഞു. ഇത് എന്തിന്റെ അടിസ്ഥാനത്തിലാണ്? തീപിടിത്തമുണ്ടായപ്പോൾ സി പി എം അനുകൂല സംഘടനാ നേതാക്കൾ മാത്രമാണ് സ്ഥലത്തുണ്ടായിരുന്നത്. ഇവർമാത്രം അവിടെ എങ്ങനെ എത്തി? സ്വർണക്കടത്തുകേസിലെ സുപ്രധാന തെളിവുകൾ സർക്കാർ മനപൂർവം നശിപ്പിക്കുകയാണ്. തിരുവനന്തപുരത്ത് സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിൽ തീപിടിത്തമുണ്ടായപ്പോൾ ഓടിയെത്തിയ മുഖ്യമന്ത്രി എന്തുകൊണ്ട് സെക്രട്ടറിയേറ്റിൽ എത്തിയില്ല. തീപിടിത്തവും എൻ ഐ എ അന്വേഷണ പരിധിയിൽ വരണമെന്നാണ് ബി ജെ പി ആവശ്യപ്പെടുന്നത്-സുരേന്ദ്രൻ വ്യക്തമാക്കി.
ചീഫ് സെക്രട്ടറി ഐ എ എസുകാരനാണെങ്കിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ചെരിപ്പുസൂക്ഷിപ്പുകാരനാണെന്നും സുരേന്ദ്രൻ പറഞ്ഞു.
അതേസമയം സെക്രട്ടറിയേറ്റിലെ തീപിടിത്തത്തിൽ സംസ്ഥാനവ്യാപകമായി പ്രതിഷേധപ്രകടങ്ങൾ നടക്കുകയാണ്. കണ്ണൂരിൽ ബി ജെ പി പ്രവർത്തകർക്കുനേരെ പൊലീസ് ലാത്തിച്ചാർജ് നടത്തി. നിരവധിപേർക്ക് പരിക്കേറ്റു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനുമുന്നിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.