ന്യൂഡൽഹി: കേരളത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കും മുമ്പ് ദേശീയ തലത്തിൽ പാർട്ടിയ്‌ക്ക് പുതിയ അദ്ധ്യക്ഷൻ വരുമെന്ന് കോൺഗ്രസ് ക്യാമ്പിന്റെ സ്ഥിരീകരണം. ഈ വർഷം നടക്കുന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം വലിയ തിരഞ്ഞെടുപ്പുകൾ നടക്കാത്തതിനാൽ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്ലീനറി സമ്മേളനം ജനുവരിയിൽ ഷെഡ്യൂൾ ചെയ്യാനാണ് കോൺഗ്രസ് തീരുമാനം. 2021 ഏപ്രിൽ-മേയ് മാസങ്ങളിലായി തമിഴ്‌നാട്, പശ്ചിമ ബംഗാൾ, കേരളം, അസം, പുതുച്ചേരി എന്നീ അഞ്ച് നിയമസഭകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കും. പുതിയ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ തിരഞ്ഞെടുപ്പിലേക്ക് നീങ്ങാനാണ് കോൺഗ്രസ് ദേശീയ നേതൃത്വം തീരുമാനമെടുത്തിരിക്കുന്നത്.
ജനുവരിയിൽ തന്നെ അദ്ധ്യക്ഷനെ കണ്ടെത്താനുള്ള പ്ലീനറി സമ്മേളനം നടത്തുമെന്ന് പാർട്ടിയിലെ രണ്ട് മുതിർന്ന നേതാക്കൾ സ്ഥിരീകരിച്ചു. തിങ്കളാഴ്ച നടന്ന കോൺഗ്രസ് പ്രവർത്തകസമിതി യോഗത്തിൽ ഒരു വിഭാഗം നേതാക്കൾ ഒരു വർഷത്തിനുള്ളിൽ പ്ലീനറി സമ്മേളനം നടത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. എന്നാൽ രാഹുൽ ഗാന്ധിയും മറ്റ് നിരവധി പേരും അടുത്ത ആറുമാസത്തിനുള്ളിൽ പ്ലീനറി സമ്മേളനം നടത്താൻ പറയുകയായിരുന്നു എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ പറയുന്നത്.
2019 ഓഗസ്റ്റ് മുതൽ പാർട്ടിയുടെ താത്ക്കാലിക പ്രസിഡന്റായിരുന്ന സോണിയഗാന്ധി രാജിവയ്‌ക്കാൻ പ്രവർത്തകസമിതിയിൽ സന്നദ്ധത അറിയിക്കുകയും പുതിയ മേധാവിയെ കണ്ടെത്താനുള്ള നടപടികൾ ആരംഭിക്കാൻ ആവശ്യപ്പെടുകയും ചെയ്‌തിരുന്നു. പാർട്ടിയിൽ വലിയ മാറ്റങ്ങൾ ആവശ്യപ്പെട്ട് 23 മുതിർന്ന നേതാക്കൾ ഒപ്പിട്ട കത്തിൽ ചൂടേറിയ ചർച്ചകയാണ് പ്രവർത്തകസമിതിയിൽ നടന്നത്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ് ഉൾപ്പെടെ നിരവധി നേതാക്കൾ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതുവരെ സോണിയയോട് തുടരാൻ ആവശ്യപ്പെടുകയായിരുന്നു.
ഇതിനു മുമ്പ് 1998 മേയ് മുതൽ 2017 ഡിസംബർ വരെ നീണ്ട 19 വർഷം സോണിയ പാർട്ടി പ്രസിഡന്റായിരുന്നു. കോൺഗ്രസിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം പ്രസിഡന്റ് പദവി അലങ്കരിച്ച വ്യക്തിയാണ് സോണിയ. അംഗത്വ വിതരണവും സംസ്ഥാനതലത്തിൽ നിന്നുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുന്നതും മുതൽ ആരംഭിക്കുന്ന മാരത്തൺ പ്രക്രിയകൾക്ക് ഒടുവിലാണ് എ.ഐ.സി.സി സമ്മേളനം വിളിച്ചു ചേർക്കേണ്ടത്. 2000ൽ സോണിയ ഗാന്ധിക്കെതിരെ ജിതേന്ദ്ര പ്രസാദ മത്സരിക്കാൻ തീരുമാനിച്ച ഒരു സംഭവം മാറ്റിനിർത്തിയാൽ അടുത്തകാലത്തൊന്നും കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരം നടന്നിട്ടില്ല. അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ച ജിതേന്ദ്ര പ്രസാദ് ദയനീയമായി പരാജയപ്പെടുകയായിരുന്നു.