bulletbaba-temple

നമ്മുടെ രാജ്യത്ത് ഏത് മേഖലയിലെത്തിയാലും ഒരു കുഞ്ഞു ക്ഷേത്രമെങ്കിലും ഉണ്ടാകും. വ്യത്യസ്തമായ പല ആരാധനാ മൂർത്തികളാൽ സമ്പന്നമാണ് നമ്മുടെ ക്ഷേത്രങ്ങൾ. അക്കൂട്ടത്തിൽ അൽപം കൗതുകമുണർത്തുന്ന ഒരു ക്ഷേത്രമാണ് ഓം ബന്ന അഥവാ ബുള്ളറ്റ് ബാബ. പേരു പോലെ തന്നെ ഇവിടത്തെ പ്രതിഷ്ഠ റോയൽ എൻഫീൽഡ് ബുള്ളറ്റാണ്. സിനിമാ താരങ്ങൾക്ക് വരെ ക്ഷേത്രങ്ങൾ പണിയുമ്പോൾ അങ്ങ് രാജസ്ഥാനിലെ ജോധ്പ്പൂരിൽ നിന്ന് 50 കിലോമീറ്റർ അകലെ മാറി ഛോട്ടില എന്ന ഗ്രാമവാസികൾ 350 സിസി റോയൽ എൻഫീൽഡ് ബൈക്കിനെ ദൈവമായി ആരാധിക്കുന്നതിൽ അത്ഭുതപ്പെടാൻ ഒന്നുമില്ല. എന്ന് മാത്രമല്ല , അവർക്കതിന് വ്യക്തമായ ഒരു കാരണവുമുണ്ട്.

ഓംബനസിംഗ് പാത്താവത്ത്‌ എന്ന യുവാവുമായി ബന്ധപ്പെട്ടാണ് ബുള്ളറ്റ് ബാബയുടെ ഐതിഹ്യം. 1988 ഡിസംബർ 2ന് അച്ഛൻ സമ്മാനമായി നൽകിയ റോയൽ എൻഫീൽഡ് ബുള്ളറ്റിൽ കൂട്ടുകാരനുമായി കറങ്ങാനിറങ്ങിയതായിരുന്നു ആ യുവാവ്. എന്നാൽ, നിയന്ത്രണം വിട്ടുവന്ന ലോറി ഓംബനസിംഗിന്റെ ജീവൻ അപഹരിച്ചു. അവിടെ നിന്നാണ് സംഭവങ്ങളുടെ തുടക്കം. അപകട മരണം സംഭവിച്ചതിനാൽ പൊലീസ് ബുള്ളറ്റ് കസ്റ്റഡിയിലെടുത്തു. എന്നാൽ പിറ്റേ ദിവസം നോക്കുമ്പോൾ ബുള്ളറ്റ്‌ അവിടെ നിന്നും അപ്രത്യക്ഷമായി പഴയ അപകടം നടന്ന സ്ഥലത്തു തന്നെ കിടപ്പുണ്ടായിരുന്നു. ആരെങ്കിലും എടുത്തുകൊണ്ട് പോയതാണെന്ന് വിചാരിച്ച് പൊലീസുകാർ വീണ്ടും ബുള്ളറ്റ് പൊലീസ് സ്റ്റേഷനിൽ എത്തിച്ച് പെട്രോൾ ഊറ്റിക്കളഞ്ഞു. പക്ഷേ, പിറ്റേ ദിവസം, അപകടം നടന്ന സ്ഥലത്ത് ബുള്ളറ്റ് വീണ്ടും എത്തി. ഈ സംഭവം ആവർത്തിച്ചപ്പോൾ പൊലീസുകാർ ബുള്ളറ്റ് ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. അവർ അത് ഗുജറാത്തിലുള്ള ഒരാൾക്ക് വിറ്റു. എന്നാൽ, അവിടെ നിന്നും ബുള്ളറ്റ് തിരിച്ചെത്തി. 1991ൽ ആണ് ഈ സംഭവങ്ങൾ നടന്നത്. താമസിയാതെ ഈ പ്രേതകഥ നാടാകെ പ്രചരിക്കാൻ തുടങ്ങി. രാത്രികാലങ്ങളിൽ അതു വഴി ആരും സഞ്ചരിക്കാതെയായി.

മദ്യപിച്ച് വണ്ടിയോടിച്ചതിനാലാണ് ഓം സിംഗ് മരിച്ചതെന്നാണ് ഇവിടെ കുറേപ്പേർ വിശ്വസിക്കുന്നത്. അതിനു കാരണമായി പറയുന്നത് രാത്രി കാലങ്ങളിൽ ഇതുവഴി പോകുന്നവരോട് ഒരു ചെറുപ്പക്കാരൻ മദ്യം ചോദിക്കാറുണ്ടത്രെ. അങ്ങനെ ബൈക്കിനു മുകളിലൂടെ ബിയർ ഒഴിച്ചു കൊടുക്കുന്ന വഴിപാടുമായി. ക്ഷേത്രത്തിന് മുന്നിൽ എത്തുമ്പോൾ ഹോൺ മുഴക്കുന്നതാണ് മറ്റൊരു വഴിപാട്. ഇങ്ങനെ ഹോൺ മുഴക്കിയില്ലെങ്കിൽ തിരികെ വീട്ടിൽ എത്തില്ലെന്നും ഗ്രാമവാസികൾ വിശ്വസിക്കുന്നു. ചുരുക്കി പറഞ്ഞാൽ സുരക്ഷിതമായ യാത്രയ്ക്കു വേണ്ടി പ്രാർത്ഥിക്കാനെത്തുന്നവരാണ് ഇവിടുത്തെ ഭക്തർ.