തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പ്രോട്ടോകോൾ വിഭാഗത്തിൽ ഉണ്ടായ തീപിടുത്തത്തെ തുടർന്ന് സംസ്ഥാനത്ത് വിവിധ പ്രതിപക്ഷ സംഘടനകൾ നടത്തുന്ന പ്രതിഷേധം കനക്കുകയാണ്. തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് പടിക്കൽ ബിജെപി-യുവമോർച്ച-മഹിളാമോർച്ച പ്രതിഷേധം അക്രമാസക്‌തമായി. പ്രവർത്തകർക്ക് നേരെ പൊലീസ് ഗ്രനേഡും, ജലപീരങ്കിയും പ്രയോഗിച്ചു. തുടർന്ന് അകന്ന് പോയ പ്രവർത്തകർ ഇപ്പോൾ വീണ്ടും സംഘടിച്ചു. ബിജെപി തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇപ്പോൾ പ്രകടനം നടത്തുന്നത്.
നേരത്തെ എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ പ്രകടനം സെക്രട്ടേറിയറ്റ് പടിക്കൽ സംഘർഷഭരിതമായി. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച പ്രവർത്തകരുമായി പൊലീസ് ഏറ്റുമുട്ടലുണ്ടായി.
സെക്രട്ടേറിയറ്റിന് മുന്നിൽ നോർത്ത് ഗേറ്റിൽ മഹിളാകോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിക്കുകയാണ്. ഇവിടെ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊല്ലത്തും യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രതിഷേധം പൊലീസ് തടഞ്ഞു. കണ്ണൂരിൽ കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
കണ്ണൂർ കളക്ടറേറ്റിലേക്ക് യുവമോർച്ച നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതിനെ തുടർന്നുണ്ടായ സംഘർഷത്തിൽ സമരക്കാർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ലാത്തിച്ചാർജിൽ പ്രവർത്തകർക്ക് പരുക്കേറ്റു. ഇവിടെ പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി.
കൊച്ചിയിൽ കണയന്നൂരിൽ പ്രതിഷേധിച്ച ബിജെപി പ്രവർത്തകരെ പൊലീസ് അറസ്‌റ്റ് ചെയ്ത് നീക്കി. കൊച്ചിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിലും സംഘർഷമുണ്ടായി. കണയന്നൂർ താലൂക്ക് ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് പ്രവർത്തകർ നടത്തിയ പ്രകടനത്തിൽ പൊലീസുമായി ഉന്തും തളളുമുണ്ടായി.