അഭിനയജീവിതത്തിന് ഇടവേള നൽകി മലയാളത്തിലെ പഴയകാല നായിക ചിത്ര കുടുംബിനിയുടെ വേഷത്തിൽ
ചെന്നൈ നഗരമാകുന്നതിന് മുൻപത്തെ മദിരാശി.കെ. ബാലചന്ദർ സംവിധാനം ചെയ്യുന്ന അപൂർവരാഗങ്ങളുടെ ചിത്രീകരണം നടക്കുകയാണ്.റെയിൽവേ ഉദ്യോഗസ്ഥനായ രാജഗോപാൽ ആറുവയസുകാരിയായ രണ്ടാമത്തെ മകൾക്കൊപ്പം മൈലാപ്പൂരിലെ കോവിലിൽനിന്ന് വരികയായിരുന്നു അപ്പോൾ.ഷൂട്ടിംഗ് സ്ഥലത്തെ തിക്കിലും തിരക്കിലും പെട്ട് മകൾ ചെന്നുവീണത് കാമറയുടെ മുൻപിൽ. അതും ഷോട്ടെടുക്കുന്ന സമയത്ത്. കെ. ബാലചന്ദർ ദേഷ്യത്തിൽ ഉറക്കെ കട്ട് പറഞ്ഞു. അതോടെ കുട്ടി കരയാൻ തുടങ്ങി . കുട്ടിയെ ശ്രദ്ധിക്കണമെന്നും വീണ്ടും ഷോട്ട് എടുക്കാൻ പോവുകയാണെന്നും കെ.ബാലചന്ദർ പറഞ്ഞു. അപ്പോഴും കുട്ടി കരച്ചിൽ തുടർന്നു. രജനികാന്തിന്റെ ആദ്യ സിനിമയായ അപൂർവ രാഗങ്ങളിൽ കമലഹാസൻ നായകൻ. ശ്രീവിദ്യ, ജയസുധ എന്നിവരാണ് മറ്റു താരങ്ങൾ. ആ താരനക്ഷത്രങ്ങളെ രാജഗോപാലും മകളും കൺനിറയെ കണ്ടു. ലൊക്കേഷനിൽനിന്ന് മടങ്ങാൻ നേരം കെ. ബാലചന്ദർ അവരെ വിളിച്ചു. 'കാമറയുടെ മുൻപിൽ വിളിക്കാതെ വീണു. ഇനി അഭിനയിക്കണം."കെ. ബാലചന്ദർ പറഞ്ഞു.രജനികാന്തിന്റെ കൈയിൽനിന്ന് പ്രണയലേഖനം വാങ്ങി ശ്രീവിദ്യ അവതരിപ്പിക്കുന്ന നായിക കഥാപാത്രത്തിന് കൊടുക്കുന്നതാണ് സീൻ. കാമറയുടെ മുൻപിൽ വീണ രാജഗോപാലിന്റെ മകൾ ബാലതാരമായാണ് വീട്ടിലേക്ക് മടങ്ങിയത്.
പത്തുവയസിൽ അടുത്ത സിനിമ.'അവൾഅപ്പടിത്താൻ". രജനികാന്തും കമലഹാസനും നായകൻമാർ. അഞ്ചു സിനിമകളിൽ ബാലതാരമായി അഭിനയിച്ചു.നായികയായി അഭിനയിക്കാനാണ് പിന്നത്തെ വരവ്. അത് മലയാളത്തിൽ. അപ്പോൾ ചിത്ര എന്ന താരനക്ഷത്രം നിറഞ്ഞു ചിരിക്കുന്നത് നമ്മൾ കണ്ടു. കൈനീട്ടി സ്വീകരിച്ചു തമിഴകം പോലെ മലയാളവും. മലയാളം , തമിഴ്, തെലുങ്ക് ,കന്നട ഹിന്ദി ഭാഷകളിൽ മൂന്നൂറിലധികം സിനിമകൾ.അഭിനയജീവിതത്തിന് ഇടവേള നൽകി ചെന്നൈ സാലിഗ്രാമത്തിലെ വീട്ടിൽ കുടുംബിനിയുടെ വേഷത്തിലാണ് ഇപ്പോൾ ചിത്ര.
മലയാളികൾ ഇപ്പോഴും സ് നേഹിക്കുന്നു?
അതിൽ സന്തോഷമുണ്ട്.ആ സ് നേഹം എന്നും ലഭിക്കുമെന്ന് ഉറപ്പുണ്ട്. വിശ്രമമില്ലാതെ നീണ്ട പതിനെട്ടുവർഷം സിനിമയിൽ. ഇപ്പോഴാണ് ഞാൻ ജീവിക്കാൻ തുടങ്ങിയത്.എനിക്കുവേണ്ടിയുള്ള ജീവിതം. ഈ ജീവിതം ഞാൻ ആസ്വദിക്കുന്നു. കുടുംബജീവിതത്തിലാണ് ഇനി ശ്രദ്ധിക്കേണ്ടത്. ഭാര്യയുടെയും അമ്മയുടെയും ഉത്തരവാദിത്വങ്ങൾ ഭംഗിയായി നിറവേറ്റി മുൻപോട്ട് പോവുന്നു.
ചിത്ര മലയാളിയാണോ ?
ഞാൻ പാതി മലയാളിയാണ്. അമ്മ ദേവി. അമ്മയുടെ നാട് വടക്കാഞ്ചേരി. ഞാൻ മലയാളിയാണെന്നും തമിഴ്നാടുകാരിയല്ലെന്നും കരുതുന്നവരാണ് അധികംപേരും .പലരും എന്നോട് അത് ചോദിച്ചിട്ടുണ്ട്. എന്നാൽ ചേച്ചി ഗീതയ്ക്കും ഇളയ സഹോദരി ഭാരതിക്കും മലയാളി ഛായയില്ല. കേരളം എനിക്ക് ഒരുപാട് ഇഷ്ടമാണ്. മലയാളസിനിമയും . അഭിനയജീവിതത്തിൽ മികച്ച കഥാപാത്രങ്ങൾ ലഭിച്ചത് മലയാളത്തിൽനിന്നാണ്.
ആട്ടക്കലാശത്തിൽ മോഹൻലാലിന്റെ നായിക
കമലഹാസന്റെ 'രാജപാർവൈ"യിൽ അന്ധ പെൺകുട്ടിയുടെ വേഷം അവതരിപ്പിച്ചു. ആ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടു. ആസമയത്ത് ചെന്നൈ െഎ.സി . എഫ് സ്കൂളിൽ ഒൻപതാം ക്ളാസിൽ പഠിക്കുകയാണ്. ഒരു വൈകുന്നേരം സ്കൂളിൽനിന്ന് വീട്ടിൽ എത്തുമ്പോൾ നിർമ്മാതാവ് ജൂബിലി ജോയ് തോമസും മറ്റു രണ്ടുപേരും അച്ഛനോട് സംസാരിക്കുന്നത് കണ്ടു.'രാജപാർവൈ"യിലെ അഭിനയം ഇഷ്ടപ്പെട്ട് കമലഹാസന്റെ ജ്യേഷ്ഠൻ ചാരുഹാസൻ സാർ ഞങ്ങളുടെ വീട്ടിലെ ഫോൺ നമ്പർ ജോയ് തോമസിന് കൊടുത്തു. അങ്ങനെയാണ് അവർ വന്നത്. 'ആ രാത്രി"ക്കുശേഷം ജൂബിലി പ്രൊഡ ക് ഷൻസ് നിർമ്മിക്കുന്ന രണ്ടാമത് സിനിമയാണ് 'ആട്ടക്കലാശം".മലയാളം ഒരു വാക്ക് എനിക്ക് അറിയില്ല. അതു കുഴപ്പമില്ലെന്ന് അവർ. സംവിധായകൻ ശശികുമാർ സാറിനെ കാണിക്കാൻ ഫോട്ടോ വാങ്ങി. രണ്ടു ദിവസം കഴിഞ്ഞു അവർ വീണ്ടും വന്നു. എന്റെ ജാതകം വേണമെന്ന് പറഞ്ഞു. അച്ഛനും അമ്മയും അത്ഭുതപ്പെട്ടു. സിനിമയിൽ അഭിനയിക്കുന്നതിന് ജാതകം എന്തിനെന്ന് അച്ഛൻ. ആസമയത്ത് കോരച്ചേട്ടന്റെ ചീട്ട് നോക്കിയാണ് നിർമ്മാതാക്കൾ താരങ്ങളെ നിശ്ചയിച്ചിരുന്നത്രെ. മോഹൻലാലും ഞാനും സൂപ്പർ ജോടികളായിരിക്കുമെന്ന് കോരച്ചേട്ടൻ. മോഹൻലാലിന്റെയും എന്റെയും ജന്മദിനം ഒരേ ദിവസമാണ്.അപ്പോൾ വിശദമായി നോക്കാനാണ് അവർ ജാതകം ചോദിച്ചത്. ആലപ്പുഴയിലായിരുന്നു ആട്ടക്കലാശത്തിന്റെ ഷൂട്ടിംഗ്.
'നാണമാകുന്നു മേനിനോവുന്നു'ഗാനരംഗം
ഒരിക്കലും മറക്കാനാവാത്ത ഗാനം.മോഹൻലാലിന്റെയും തുടക്കകാലം. പ്രേംനസീർ സാർ അവതരിപ്പിച്ച കേന്ദ്രകഥാപാത്രത്തിന്റെ അനുജൻ വേഷമാണ് മോഹൻലാലിന്. മേരിക്കുട്ടി എന്ന കഥാപാത്രമായി ഞാൻ. ഏറെ ആസ്വദിച്ചു ഞങ്ങൾ അഭിനയിച്ചു.ആട്ടക്കലാശത്തിലെ മലരും കിളിയും ഒരു കുടുംബം എന്ന ഗാനവും സൂപ്പർ ഹിറ്റ്. സിനിമയും സൂപ്പർ ഹിറ്റ്. വർഷങ്ങൾ കഴിഞ്ഞു മോഹൻലാലിനൊപ്പം 'അദ്വൈതം "സിനിമയിൽ നല്ല ഒരു ഗാനരംഗത്ത് വീണ്ടും അഭിനയിച്ചു.അപ്പോഴേക്കും മോഹൻലാൽ മികച്ച നടനായി മാറി. 'ആട്ടക്കലാശം"കഴിഞ്ഞു 'മാന്യമഹാജനങ്ങളേ". മമ്മൂട്ടി നായകൻ. ആസമയത്ത് സിനിമയെക്കുറിച്ച് കൂടുതൽ അറിയില്ല.അച്ഛന് ജോലിയുടെ തിരക്ക്. ആ വരുമാനത്തിലാണ് ഞങ്ങൾ കഴിയുന്നത്. പലപ്പോഴും അഭിനയിക്കാൻ വിളിക്കുമ്പോൾ പോവാൻ കഴിയാത്ത സാഹചര്യം. പ്ളസ് ടുവിനുശേഷം രങ്കരാജപുരത്തിന് താമസം മാറ്റി. തുടർന്ന് തെലുങ്ക് സിനിമ 'പതഹാറേള അമ്മായി". കെ. ബാലചന്ദർ സാറിന്റെ സുന്ദരസ്വപ്നങ്ങളിൽ നായികയായി. പിന്നീട് സിനിമയിൽ സജീവമായി.
മലയാളത്തിലേക്ക് ഇനി എപ്പോഴാണ് വരിക?
അറിയില്ല. വിവാഹത്തിന് മുൻപാണ് കമ്മിഷണറിലും വൈജയന്തി െഎ.പി . എസിലും കല്ലുകൊണ്ടൊരു പെണ്ണിലും അഭിനയിച്ചത്.വിവാഹശേഷം മഴവില്ല്, സൂത്രധാരൻ എന്നീ സിനിമകൾ ചെയ്തു. അടുത്തിടെ തമിഴിൽ 'ബെൽബോട്ടം",
'എൻ സംഘത്തെ അടിച്ചവൻ ആരെടാ" എന്നീ സിനിമകൾ ചെയ്തു. ഭർത്താവ് വിജയരാഘവൻ ബിസിനസ് ചെയ്യുന്നു.മകൾ ശ്രുതി പ്ള്സ് ടു കഴിഞ്ഞു. മോൾ ജനിക്കുന്നതിനു മുൻപ് അച്ഛനും അമ്മയും മരിച്ചു. അതിനുമുൻപേ ഭർത്താവിന്റെ അച്ഛനും അമ്മയും മരിച്ചു. മോളെ നോക്കാൻ ഞാൻ മാത്രം. മകളുടെ കാര്യം നോക്കാൻ ഞാൻ അടുത്ത് ഉണ്ടാവണം. മലയാളത്തിൽ അടുത്ത വർഷം അഭിനയിക്കണമെന്ന് എല്ലാ വർഷവും വിചാരിക്കും.എന്നാൽ കൂടുതൽ ഉത്തരവാദിത്വം വന്നുചേരും. മലയാളത്തിൽ വീണ്ടും അഭിനയിക്കാൻ ഒരുപാട് ആഗ്രഹമുണ്ട്. മികച്ച കഥാപാത്രം ലഭിച്ചാൽ വരും .ഭരതൻ, ഹരിഹരൻ, പ്രിയദർശൻ തുടങ്ങി പ്രതിഭാധനൻമാരുടെ സിനിമയിൽ അഭിനയിച്ചിട്ട് പ്രാധാന്യമില്ലാത്ത വേഷം ചെയ്യാൻ താല്പര്യമില്ല. എന്റെ പേര് നിലനിറുത്താൻ കഴിയുന്ന കഥാപാത്രം ലഭിക്കണം.