തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ തീപിടിത്തമുണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിന് നേരെ വിമർശനവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ഫയലുകൾ ഉൾപ്പെട്ടയിടത്താണ് തീപിടിത്തമുണ്ടായിരിക്കുന്നത്. ഈ ഫയലുകൾ അതീവ സുരക്ഷിതമായി സംരക്ഷിക്കേണ്ടിയിരുന്നു, ഇത് സംരക്ഷിക്കാൻ മുഖ്യമന്ത്രിക്ക് ബാധ്യതയില്ലേയെന്ന് മുരളീധരൻ ചോദിച്ചു.
'സെക്രട്ടേറിയറ്റിൽ ഇ-ഫയലിംഗ് നടത്തിയിട്ടുണ്ടെന്നാണ് അവകാശപ്പെടുന്നത്. അങ്ങനെ ഫയലിംഗ് നടത്തിയിട്ടില്ലാത്ത സുപ്രധാന രേഖകളുളള ഒരു സെക്ഷനിൽ തീപിടുത്തം ഉണ്ടാകാനുളള സാഹചര്യം എന്തുകൊണ്ട് ഉണ്ടായിയെന്ന് മുഖ്യമന്ത്രി മറുപടി പറയണം.' മുരളീധരൻ ആവശ്യപ്പെട്ടു. ഈ സംഭവത്തിന് യുക്തിസഹവും ശാസ്‌ത്രീയമായ മറുപടി മുഖ്യമന്ത്രി നൽകണമെന്നും അദ്ദേഹം പറഞ്ഞു.
ജനവികാരത്തെ അടിച്ചമർത്താൻ പൊലീസിനെ ഉപയോഗിക്കുന്ന സമീപനം കൊണ്ട് കേരളത്തിലെ ജനങ്ങൾ അടങ്ങിയിരിക്കും എന്ന് മുഖ്യമന്ത്രി കരുതരുത്. സുതാര്യവും യുക്തിസഹവും ജനങ്ങളെ വിശ്വാസത്തിലെടുക്കുന്നതുമായ നടപടി ഈ സംഭവത്തിൽ ഉണ്ടാകണമെന്നും മുരളീധരൻ ആവശ്യപ്പെട്ടു.