ന്യൂഡൽഹി: ബാങ്ക് വായ്പകൾക്ക് മൊറട്ടോറിയം കാലയളവിൽ പലിശ ഒഴിവാക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം നീളുന്നതിൽ കേന്ദ്രസർക്കാരിനെതിരെ രൂക്ഷവിമർശനവുമായി സുപ്രീം കോടതി. കേന്ദ്രസര്‍ക്കാരിന് തീരുമാനം എടുക്കാതെ റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിച്ചു നില്‍ക്കാനാകില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
മൊറൊട്ടോറിയം കാലയളവില്‍ പലിശ ഒഴിവാക്കാന്‍ സാധിക്കില്ലെന്ന് റിസര്‍വ് ബാങ്ക് ഒഫ് ഇന്ത്യ മുമ്പ് അറിയിച്ചിരുന്നെങ്കിലും, ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന് ദുരന്ത നിവാരണ നിയമ പ്രകാരം തീരുമാനം എടുക്കാമെന്ന് കോടതി ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക് ഡൗൺ ആണ് ജനങ്ങൾ അനുഭവിക്കുന്ന ദുരിതം ഉണ്ടാവാന്‍ കാരണമെന്ന് കോടതി വ്യക്തമാക്കി.
സെപ്തംബർ ഒന്നിനകം നിലപാട് വ്യക്തമാക്കണമെന്ന് സുപ്രീം കോടതി കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.ലോക്ക് ഡൗണിലെ മൊറട്ടോറിയം കാലയളവിൽ വായ്പ തിരിച്ചടവിന് പലിശ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികൾ സുപ്രീം കോടതി പരിഗണിച്ചിരുന്നു. നിങ്ങൾ രാജ്യം മുഴുവൻ പൂട്ടിയിട്ടതിനാലാണ് ഇത് സംഭവിച്ചതെന്നും ജനങ്ങളുടെ ദുരിതത്തെ കുറിച്ചുകൂടി ചിന്തിക്കണമെന്നും ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
റിസര്‍വ് ബാങ്കും, കേന്ദ്ര സര്‍ക്കാരും സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും, അതുകൊണ്ട് തന്നെ കേന്ദ്ര സര്‍ക്കാര്‍ റിസർവ് ബാങ്കിന് പിന്നില്‍ ഒളിഞ്ഞു നില്‍ക്കുന്നു എന്ന കോടതിയുടെ പരാമര്‍ശം തെറ്റാണെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയില്‍ വ്യക്തമാക്കി.