തിരുവനന്തപുരം: ജനങ്ങൾക്കിടയിലെ 'തുറന്നിട്ട വാതിലും',രാഷ്ട്രീയക്കാർക്കിടയിലെ പ്രിയ 'ഒ.സി'യുമായ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് ഇത് നിയമസഭാ പ്രവേശനത്തിന്റെ സുവർണ ജൂബിലി. അന്തരിച്ച കെ.എം. മാണിക്ക് ശേഷം, കേരള രാഷ്ട്രീയത്തിലെ അപൂർവനേട്ടം സ്വന്തമാക്കുന്ന ജന നേതാവ്.
മറയില്ലാതെ ആർക്കും എപ്പോൾ വേണമെങ്കിലും കാണാനാവുന്ന, കോൺഗ്രസിലെ അടിമുടി ജനകീയനായ ഉമ്മൻചാണ്ടി എം.എൽ.എയെന്ന നിലയിൽ അടുത്ത മാസം 17ന് 50 വർഷം തികയ്‌ക്കും. കോൺഗ്രസിൽ തന്നെ,ഈ നേട്ടം സ്വന്തമാക്കിയ രാജ്യത്തെ ഏക നേതാവ്. സാമാജിക സുവർണജൂബിലി കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും ഗംഭീരമാക്കാൻ ഒരുങ്ങുകയാണ് പ്രവർത്തകർ.
1970 സെപ്തംബർ 17ന് കോട്ടയം ജില്ലയിലെ പുതുപ്പളളിയിൽ നടന്ന വാശയേറിയ ത്രകോണ മത്സരത്തിൽ 7288 വോട്ടിന്റെ മികവിലാണ് കേരള നിയമസഭയിലെ കന്നി അംഗമായത്. പിന്നീടുണ്ടായ പത്ത് തിരഞ്ഞെടുപ്പുകളിലും പുതുപ്പളളിയിൽ നിന്ന് തിളക്കമാർന്ന ജയത്തോടെ സഭയിൽ. പുതുപ്പളളിയുടെ പര്യായമായി. തിരുവനന്തപുരത്ത് ജഗതിയിലെ സ്വന്തം വീട്ടിന്റെ പേര് പുതുപ്പളളിഹൗസ്.
പാലായിൽ നിന്ന് തുടർച്ചയായ 13 ജയവും 42 വർഷത്തെ നിയമസഭാപ്രവർത്തനവും പൂർത്തിയാക്കിയ കെ.എം. മാണി മാത്രമാണ് ഉമ്മൻ ചാണ്ടിക്ക് മുന്നിലുള്ളത്. മഹാരാഷ്ട്രയിലെ പെസന്റ് ആൻഡ് വർക്കേഴ്സ് പാർട്ടിയുടെ ഗണപത് റാവു ദേശ്‌മുഖ് 11 തവണ ജയിച്ച് 56 വർഷം എം.എൽ.എയായിട്ടുണ്ട്. പക്ഷേ, 1995ൽ അദ്ദേഹം തോൽവി രുചിച്ചു.
ഭരണാധികാരി, പാർലമെന്റേറിയൻ എന്നീ നിലകളിൽ ഉമ്മൻ ചാണ്ടിയുടേത് സ്‌തുത്യർഹമായ സേവനം. പൊതുജനസേവനത്തിനുള്ള ഐക്യരാഷ്ട്രസഭയുടെ അവാർഡ് നേടിയ രാജ്യത്തെ ഏക മുഖ്യമന്ത്രി. കൊച്ചി മെട്രോ, കണ്ണൂർ വിമാനത്താവളം, വിഴിഞ്ഞം തുറമുഖം, കൊച്ചി സ്മാർട്ട് സിറ്റി തുടങ്ങി നിരവധി പദ്ധതികൾക്ക് തുടക്കമിട്ട ഭരണാധികാരി. മുഖ്യമന്ത്രിയായിരിക്കെ, 2005ൽ രണ്ട് തവണയും കഴിഞ്ഞ സർക്കാരിന്റെ കാലത്ത് മൂന്ന് തവണയും ജനസമ്പർക്കത്തിലൂടെ ജനങ്ങൾക്കും കരുണയും കരുതലുമായി. ആർത്തരായ 11,45,449 പേരെ നേരിൽക്കണ്ട് കണ്ണീരൊപ്പി. 242.87 കോടിയുടെ ആശ്വാസമേകി.
1977ൽ 33ആം വയസിൽ തൊഴിൽ മന്ത്രിയായ ഉമ്മൻ ചാണ്ടി, 15 ലക്ഷം തൊഴിൽ രഹിതർക്ക് തൊഴിലില്ലായ്മ വേതനം നടപ്പാക്കി ചരിത്രമെഴുതി. 1981ൽ കരുണാകരൻ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രിയായിരിക്കെ, പൊലീസ് യൂണിഫോം പരിഷ്‌കരിച്ചു. 1991ൽ കരുണാകരൻ നാലാമതും മുഖ്യമന്ത്രിയായപ്പോൾ ധനമന്ത്രിയായി. ഖജനാവിലെ 101 കോടി കമ്മി മൂന്ന് വർഷം കഴിഞ്ഞപ്പോൾ 21.91 കോടി മിച്ചമാക്കിയ മാജിക്. ആദ്യം മുഖ്യമന്ത്രിയായത് 2004 ആഗസ്റ്റിൽ. വീണ്ടും 2011 മേയിൽ.