തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുൻപിൽ ഇന്നലെ വൈകുന്നേരം ഉണ്ടായ സംഭവങ്ങളിൽ ഇടപെട്ട ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയ്‌ക്ക് സർക്കാരിന്റെ അഭിനന്ദനം. ചീഫ് സെക്രട്ടറി നല്ല ഇടപെടൽ നടത്തിയെന്ന് മന്ത്രിസഭ വിലയിരുത്തി. സംഘർഷം നിയന്ത്രിക്കുന്നതിൽ ചീഫ് സെക്രട്ടറി നല്ല ഇടപെടൽ നടത്തി എന്ന് മന്ത്രിസഭായോഗം അഭിപ്രായപ്പെട്ടു.
തീപിടിത്തത്തിന്റെ പശ്‌ചാത്തലത്തിൽ സെക്രട്ടറിയേറ്റിന്റെ സുരക്ഷ വർദ്ധിപ്പിക്കും. തീപിടിത്തത്തെ കുറിച്ചുളള അന്വേഷണ റിപ്പോർട്ടിന് ശേഷം അടുത്ത നടപടി സ്വീകരിക്കാൻ യോഗം തീരുമാനിച്ചു. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ മന്ത്രിസഭ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഇന്നലെ വൈകുന്നേരം 4.45ഓടെയാണ് സെക്രട്ടറിയേറ്റിലെ അതീവസുരക്ഷാ മേഖലയിലെ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടിത്തമുണ്ടായത്. സംഭവമറിഞ്ഞെത്തിയ ബിജെപി പ്രവർത്തകർ അട്ടിമറിയുണ്ടെന്ന് ആരോപിച്ച് പ്രതിഷേധിച്ചു. തീപിടിത്തം അറിഞ്ഞെത്തിയ പ്രതിപക്ഷ നേതാക്കളോടും മാദ്ധ്യമ പ്രവർത്തകരോടും ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത നേരിട്ടെത്തി പുറത്ത് പോകാൻ ആവശ്യപ്പെട്ടു. തുടർന്ന് മണിക്കൂറുകളോളം സെക്രട്ടറിയേറ്റ് പരിസരം സംഘർഷ ഭൂമിയായി.