തിരുവനന്തപുരം: തലസ്ഥാനത്തെ കൊവിഡ് രോഗികളിൽ ഏറിയ പങ്കും റിപ്പോർട്ട് ചെയ്തിരുന്ന തീരദേശ മേഖല കേന്ദ്രീകരിച്ച് രൂപപ്പെട്ട ക്ളസ്‌റ്ററുകളിൽ രോഗവ്യാപനം കുറയുന്നു. കഴിഞ്ഞ ആഴ്ചയെ അപേക്ഷിച്ച് ഈ ആഴ്ച രോഗബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവാണ് ഉണ്ടായിരിക്കുന്നത്. എന്നാൽ, ചിലരെങ്കിലും ഇപ്പോഴും കൊവിഡ് പരിശോധനയ്ക്ക് വിധേയരാകാൻ മടിക്കുന്നുവെന്നും സൂചനയുണ്ട്. തലസ്ഥാനത്തെ ഏറ്റവും വലിയ കൊവിഡ് ക്ളസ്റ്റർ ആയി മാറിയ പുതുക്കുറിച്ചിയിൽ കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കാര്യമായ രോഗബാധ റിപ്പോർട്ട് ചെയ്തിട്ടില്ല. മറ്റിടങ്ങളിലും ഏതാണ്ട് ഇതുതന്നെയാണ് സ്ഥിതി. തലസ്ഥാന ജില്ലയിൽ കൊവിഡ് താണ്ഡവം അതിരൂക്ഷമായി തുടരുന്നതിനിടെയാണ് തീരദേശത്തെ ഈ ആശ്വാസ വാർത്ത.
പോസിറ്റിവിറ്റി നിരക്ക് 5 ശതമാനമാക്കും
തലസ്ഥാനത്ത് കൊവിഡ് രോഗം ബാധിക്കുന്നവരുടെ നിരക്ക് അഞ്ച് ശതമാനമായി കുറയ്ക്കാനാണ് ശ്രമമെന്ന് ജില്ലാകളക്ടർ നവജ്യോത് ഖോസ പറഞ്ഞു. തിരുവനന്തപുരത്തെ 11 തീരമേഖല പഞ്ചായത്തുകളിലായി ജൂലായ് ഒന്നുമുതൽ ഈ മാസം 22 വരെ 4,895 പോസിറ്റിവ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 28,769 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 17 ശതമാനം ആയിരുന്നു. നാല് ക്ളസ്റ്ററുകളിൽ പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിന് മുകളിലായിരുന്നു. പൂന്തുറ (20.4%), പുല്ലുവിള (29.1 %), അഞ്ചുതെങ്ങ് (23.6%), പൂവാർ (21.2%) എന്നിങ്ങനെയായിരുന്നു നിരക്ക്. നിലവിൽ തിരുവല്ലം ഒഴികെയുള്ള തീരദേശ ക്ളസ്റ്ററുകളിൽ പോസിറ്രിവിറ്റി റേറ്റ് 10 ശതമാനത്തിന് മുകളിലാണ്. രോഗബാധിതരുടെ എണ്ണം കുറയുന്ന സ്ഥിതിയുണ്ടെങ്കിലും കണ്ടെയ്‌ൻമെന്റ് സോണുകൾ പിൻവലിക്കുന്ന കാര്യത്തിൽ ഒന്നോ രണ്ടോ ആഴ്ച കൂടി കാത്തിരിക്കേണ്ടി വരുമെന്നും ജില്ലാ കളക്ടർ സൂചിപ്പിച്ചു.
അതേസമയം, ഈ മാസം ആദ്യ ആഴ്ചയിൽ എല്ലാ ക്ളസ്റ്ററുകളിലും സമ്പർക്കവ്യാപനത്തിന്റെ സൂചനകൾ ഉണ്ടായിരുന്നു. അഞ്ചുതെങ്ങിൽ ജൂലായ് ആദ്യ ആഴ്ചയിൽ 141 പോസിറ്രീവ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ഈ മാസം അത് 300 ആയിരുന്നു. ബീമാപള്ളിയിൽ ജൂലായിൽ 100 ആയിരുന്നത് ഈ മാസത്തെ ആദ്യ ആറ് ദിവസങ്ങളിൽ 41 ആയിരുന്നു പോസിറ്റീവ് കേസുകൾ. സമൂഹവ്യാപനം ഉണ്ടായ പൂന്തുറയിൽ ജൂലായ് ആദ്യവാരം 700 കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ, ഈ മാസം ഇടയ്ക്കിടെ മാത്രമാണ് രോഗം റിപ്പോർട്ട് ചെയ്തത്.
പ്രതിരോധശേഷി നേടി
രോഗവ്യാപനത്തിൽ കുറവുണ്ടായതിന് ഒരു കാരണമായി ആരോഗ്യപ്രവർത്തകർ ചൂണ്ടിക്കാട്ടുന്നത് ജനങ്ങൾ കൈവരിച്ച പ്രതിരോധശേഷിയാണ്. രോഗ ബാധിതരല്ലാത്തവരിൽ ഒരു വിഭാഗം മികച്ച പ്രതിരോധശേഷി നേടിയെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. എങ്കിലും ഇവർക്കും രോഗം വന്നുപോയവർക്കും വീണ്ടും രോഗബാധ ഉണ്ടാകാനുള്ള സാദ്ധ്യത വലുതാണെന്നത് ആരോഗ്യപ്രവർത്തകർക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
നിരന്തര ശ്രദ്ധ
രോഗബാധിതരുടെ എണ്ണം കൂടിയപ്പോൾ തീരപ്രദേശങ്ങളെ കണ്ടെയ്ൻമെന്റ് സോണുകളാക്കി
കർശന നിയന്ത്രണങ്ങൾ കൊണ്ടുവന്നു, ആളുകൾ കൂട്ടം കൂടുന്നത് പരമാവധി ഒഴിവാക്കി
ടെസ്റ്റുകളുടെ എണ്ണം കൂട്ടി, രോഗ ബാധിതരെ അപ്പോൾതന്നെ ആശുപത്രികളിലേക്ക് മാറ്റി.
രോഗം പടരാതിരിക്കാൻ പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കി, ജനങ്ങളെ ബോധവത്കരിച്ചു