gst

ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിമൂലം സംസ്ഥാനങ്ങളുടെ ജി എസ് ടി വരുമാനത്തിൽ കുറവുവന്ന സാഹചര്യത്തിൽ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്ന് നിയമോപദേശം. സംസ്ഥാന മുഖ്യമന്ത്രിമാരും ധനമന്ത്രിമാരും പങ്കെടുത്ത ജി എസ് ടി കൗൺസിൽ യോഗത്തിൽ പ്രശ്നം നേരിടാനുളള ഉപദേശം നൽകാൻ ധനമന്ത്രാലയം അറ്റോർണി ജനറൽ കെ കെ വേണുഗോപാലിനോട് ആവശ്യപ്പെട്ടിരുന്നു.

പ്രശ്നങ്ങളും പോരായ്മകളും കണക്കിലെടുക്കാതെ സംസ്ഥാനങ്ങൾക്ക് മുഴുവൻ നഷ്ടപരിഹാരവും നൽകാൻ കേന്ദ്രം ബാദ്ധ്യസ്ഥമാണെന്നും അറ്റോർണി ജനറൽ വ്യക്തമാക്കി. യോഗത്തിൽ പങ്കെടുത്ത ഭൂരിപക്ഷം അംഗങ്ങളും കേന്ദ്രം നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ടു. കേന്ദ്രം കടംവാങ്ങിയാണെങ്കിലും സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നായിരുന്നു ബീഹാർ ഡെപ്യൂട്ടി മുഖ്യമന്ത്രിയും ബി ജെ പി നേതാവുമായ സുശീൽ മോദി പറഞ്ഞത്.

നിലവിലെ വരുമാനം പങ്കിടൽ സമവാക്യം അനുസരിച്ച് സംസ്ഥാനങ്ങളുടെ ജി എസ് ടി കുടിശിക നൽകാൻ കഴിയുന്ന അവസ്ഥയിലല്ല കേന്ദ്രസർക്കാർ എന്നും സംസ്ഥാന സർക്കാരുകൾക്ക് നഷ്ടപരിഹാരം നൽകുന്നതിനുളള ഫോർമുല പുനർ നിർണയിക്കാൻ ജി എസ് ടി നിയമത്തിൽ വ്യവസ്ഥയുണ്ടെന്നും ധനകാര്യ സെക്രട്ടറി അടുത്തിടെ വ്യക്തമാക്കിയിരുന്നു. 2019-20 സാമ്പത്തിക വർഷത്തിലെ 13,806 കോടിയുടെ ജി.എസ്.ടി നഷ്ടപരിഹാരത്തിന്റെ അവസാനഗഡു അടുത്തിടെയാണ് കേന്ദ്രം അനുവദിച്ചത്.