മനില: കഴിഞ്ഞ ദിവസം ഫിലിപ്പൈൻസിൽ നടന്ന ഇരട്ട സ്ഫോടനത്തിൽ ചാവേറുകളായി എത്തിയത് ഐ.എസ് തീവ്രവാദികളുടെ വിധവകളെന്ന ആരോപണവുമായി ഫിലിപ്പൈൻസ് ആർമി ചീഫ് ലഫ്റ്റനന്റ് സിരിലിറ്റോ റൊബെജെന. ഐ.എസുമായി അടുത്ത ബന്ധം പുലർത്തുന്ന അബു സയ്യാഫ് ഗ്രൂപ്പിലെ അംഗങ്ങളായ നനായും ഇന്റാനേയുമാണ് ചാവേറുകളായി എത്തിയതെന്ന് തിരിച്ചറിഞ്ഞതായി അദ്ദേഹം പറഞ്ഞു. സ്ഫോടനത്തിൽ സൈനികരടക്കം 14 പേരാണ് കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ചാവേറായിരുന്ന തൽഹ ജുംസയുടെ ഭാര്യയാണ് ഇന്റാനേ. കഴിഞ്ഞ വർഷം നവംബറിൽ നടന്ന സൈനിക ആക്രമണത്തിൽ ജുംസ കൊല്ലപ്പെട്ടിരുന്നു. സമാനമായ ആക്രമണത്തിലാണ് ഇന്തൊനേഷ്യക്കാരിയായ നനായുടെ ഭർത്താവും അബു സയ്യാഫ് ഗ്രൂപ്പംഗവുമായ നോർമാൻ ലസൂക്കയും കൊല്ലപ്പെട്ടത്. ഭർത്താക്കന്മാരുടെ മരണത്തിന് പ്രതികാരം ചെയ്യാനാണ് ഇരുവരും ചാവേറുകളായി എത്തിയതെന്നും ആർമി ചീഫ് പറയുന്നു. ഫിലിപ്പൈൻസിൽ ഭീകരാക്രമണം നടത്തുന്നതിൽ മുൻപന്തിയിലുള്ള സംഘടനയാണ് അബു സയ്യാഫ് ഗ്രൂപ്പ്. ഇവരെ ഇല്ലാതാക്കാനായി പ്രസിഡന്റ് റോഡ്രിഗോ ദത്താർത്തേ ഒരു പ്രത്യേക പട്ടാള സംഘത്തെ തന്നെ നിയമിച്ചിട്ടുണ്ട്.