തിരുവനന്തപുരം : സർക്കാരിനെതിരെ വീണ്ടും ആരോപണങ്ങളുമായി വി.ഡി. സതീശൻ എം.എൽ.എ. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സർക്കാർ വാങ്ങിയ പിപിഇ കിറ്റും ഇൻഫ്രാറെഡ് തെർമോമീറ്ററും വാങ്ങാൻ വിനിയോഗിച്ച തുകയിൽ സർക്കാർ തിരിമറി നടത്തിയതായാണ് വി.ഡി. സതീശൻ പറയുന്നത്. ഫേസ്ബുക്ക് പേസ്റ്റിലൂടെയാണ് വി.ഡി. സതീശൻ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. മാർച്ച് 28ന് സർക്കാർ 1550 രൂപ നിരക്കിൽ 15,000 പിപിഇ കിറ്റുകൾ വാങ്ങിയെന്നും എന്നാൽ പിറ്റേ ദിവസം വാങ്ങിയത് 425 രൂപ നിരക്കിലുമാണെന്ന് വി.ഡി. സതീശൻ തന്റെ പോസ്റ്റിൽ പറയുന്നു. ഇൻഫ്രാറെഡ് തെർമോമീറ്ററിന്പൊതുവിപണയിൽ 2500 രൂപയാണെങ്കിലും സർക്കാർ വാങ്ങിയത് 5,000 രൂപ നിരക്കിലാണത്രെ. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ എന്നും വി.ഡി. സതീശൻ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിക്കുന്നു.
മുഖ്യമന്ത്രി പിണറായി വിജയനേയും അദ്ദേഹം നേതൃത്വം നൽകുന്ന സർക്കാരിനെതിരെയും നിയമസഭയിൽ നടന്ന അവിശ്വാസപ്രമേയ നോട്ടീസ് അവതരിപ്പിച്ചുകൊണ്ട് നടത്തിയ പ്രസംഗത്തിൽ വി.ഡി.സതീശൻ രൂക്ഷമായി വിമർശിച്ചിരുന്നു. നയതന്ത്ര ചാനൽ വഴി നടന്ന സ്വർണക്കള്ളക്കടത്തിന്റെ ആസ്ഥാനം മുഖ്യമന്ത്രിയുടെ ഓഫീസാണെന്നും അങ്ങനെയുള്ള കപ്പിത്താന്റെ കാബിനിൽ തന്നെയാണ് കള്ളനുള്ളതെന്നും പറഞ്ഞ വി.ഡി. സതീശൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യമന്ത്രിയെ വരെ വരുതിയിലാക്കിയതായും ആരോപിച്ചിരുന്നു. പാവപ്പെട്ടവർക്ക് വീട് വച്ചുനൽകുന്നതിനുള്ള ലൈഫ് മിഷൻ പദ്ധതിയെ സർക്കാർ കൈക്കൂലി മിഷനാക്കി മാറ്റിയെന്നും വി.ഡി. സതീശൻ വിമർശിച്ചിരുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
" സർക്കാർ മാർച്ച് 28 ന് 15000 പി പി ഇ കിറ്റുകൾ 1550 രൂപ നിരക്കിൽ വാങ്ങി. പിറ്റേ ദിവസം വാങ്ങിയത് 425 രൂപക്ക്. ഇൻഫ്രാറെഡ് തെർമോമീറ്ററിന് പൊതുവിപണിയിൽ 2500 രൂപയാണ് വില. സർക്കാർ വാങ്ങിയത് 5000 രൂപക്ക്. അടിച്ചു മാറ്റാനുള്ള ഒരു ചാൻസും കളയില്ലല്ലേ ? കൊവിഡാണെങ്കിലും വിടില്ല !! "