തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ അതിക്രമിച്ച് കടന്നതിനും കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിനും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രനും എട്ടു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. കന്റോൺമെന്റ് പൊലീസാണ് കേസെടുത്തത്. ബി.ജെ.പി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി.വി രാജേഷ് ഉൾപ്പടെയുള്ളവരെ പ്രതിയാക്കിയാണ് കേസ്. ഇന്നലെ വൈകുന്നേരം സെക്രട്ടറിയേറ്റിൽ തീപിടത്തമുണ്ടായപ്പോൾ അകത്തേക്ക് കടക്കാൻ ശ്രമിച്ച സുരേന്ദ്രനേയും ബി.ജെ.പി നേതാക്കളെയും പൊലീസ് അറസ്റ്റ് ചെയ്‌ത് നീക്കിയിരുന്നു.
എന്തിന്റെ പേരിലാണ് കേസെടുത്തതെന്ന് അറിയില്ലെന്നും പിണറായി വിജയന് സമനില തെറ്റിയിരിക്കുകയാണെന്നുമായിരുന്നു കെ.സുരേന്ദ്രന്റെ പ്രതികരണം ഇന്നലെ എന്താണ് നടന്നതെന്ന് പുറംലോകം കണ്ടതാണ്. ഒരു അതിക്രമവും താൻ സെക്രട്ടറിയേറ്റിൽ നടത്തിയിട്ടില്ല. സത്യം പറയുന്നവരെ നാവ് അടപ്പിക്കുകയാണ് പിണറായി ചെയ്യുന്നതെന്നും കേസിനെ ഗൗരവമായി കാണുന്നില്ലെന്നും സുരേന്ദ്രൻ പറഞ്ഞു.