പ്യോംഗ്യാംഗ്: തന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ട് ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉൻ. റൂളിംഗ് വർക്കേഴ്സ് പാർട്ടിയുടെ മീറ്റിംഗ് വിളിച്ചു ചേർത്താണ് കിം തന്റെ വിമർശകർക്ക് മറുപടി നൽകിയത്. ഭരണം സഹോദരിയെ ഏൽപ്പിച്ചുവെന്നും കോമയിലാണെന്നുമൊക്കെയുള്ള വാർത്തകൾ പ്രചരിക്കുന്നതിനിടെയാണ് താൻ പൂർണ ആരോഗ്യവാനാണെന്നും ഉത്തരകൊറിയയിൽ ഒരു ഭരണ സ്തംഭനവുമില്ലെന്നും തെളിയിക്കാൻ കിം പൊതുവേദിയിൽ എത്തിയത്. കൊവിഡ് വ്യാപനത്തെക്കുറിച്ചും അതിനു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചുമാണ് കിം മീറ്റിംഗിൽ ചർച്ച ചെയ്തത്. ഇതോടൊപ്പം രാജ്യത്ത് നിലനിൽക്കുന്ന ഭക്ഷ്യക്ഷാമത്തെക്കുറിച്ചും അതിനു വേണ്ട പ്രതിവിധികളെ കുറിച്ചും ചർച്ച നടന്നുവെന്നും പുറത്തുവന്ന റിപ്പോർട്ടുകൾ പറയുന്നു. കനത്തമഴയും പ്രളയവും ഉത്തരകൊറിയയെ കടുത്ത ഭക്ഷ്യക്ഷാമത്തിലേക്ക് നയിക്കുകയായിരുന്നു. അടുത്ത അഞ്ചു വർഷത്തേക്കുള്ള സാമ്പത്തിക പദ്ധതികളുടെ പാക്കേജും ഉടൻ പ്രഖ്യാപിക്കുമെന്നും റിപ്പോർട്ടുകളിൽ സൂചനയുണ്ട്.