തമിഴകത്ത് ആറു ചിത്രങ്ങൾ ഒ.ടി.ടി റിലീസിന് ഒരുങ്ങുന്നു.സൂപ്പർ താരം സൂര്യ പ്രധാനവേഷത്തിൽ എത്തുന്ന സുരറെ പൊട്രു ആമസോൺ പ്രൈമിലൂടെ എത്തുന്നു.സുധ കൊങ്കര സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അപർണ ബാലമുരളിയാണ് നായിക. ഇന്ത്യൻ ആർമി ക്യാപ്ടനും വ്യവസായിയുമായ ജി.ആർ. ഗോപിനാഥിന്റെ ജീവിതമാണ് ചിത്രത്തിന്റെ പ്രമേയം.
ജയം രവി കർഷകനായി എത്തുന്ന ഭൂമിയും ആമസോൺ പ്രൈമിലൂടെ എത്തും.ബോഗൻ എന്ന ചിത്രത്തിനുശേഷം ജയം രവിയും സംവിധായകൻ ലക്ഷ്മണും ഒന്നിക്കുന്ന സിനിമയാണിത്. നിധി അഗർവാളാണ് നായിക.റോണിത്റോയ്, രാധാരവി, ശരണ്യ പൊൻവണ്ണൻ എന്നിവരാണ് മറ്റു താരങ്ങൾ.
കുട്ടികൾക്കായി ഒരുക്കുന്ന ടെഡി എന്ന ചിത്രവും ഡിജിറ്റൽ റിലീസിന് ഒരുങ്ങുന്നു. ആര്യ നായകനാവുന്ന ചിത്രം ശക്തിയാണ് സംവിധാനം നിർവഹിക്കുന്നത്. ആര്യയുടെ ഭാര്യയായ സയേഷയാണ് ചിത്രത്തിലെ നായിക. ഡി ഇമ്മാൻ സംഗീതം നിർവഹിക്കുന്നു.
സന്താനം പ്രധാനവേഷത്തിൽ എത്തുന്ന ഡിക്കിലൂന ആമസോൺ പ്രൈമിലൂടെയാണ് എത്തുക.കോമഡി ചിത്രമായ ഡിക്കിലൂനയിലൂടെ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് തമിഴിൽ അരങ്ങേറ്റം കുറിക്കുന്നു. അനഘയും ഷിറിൻ കാഞ്ച്വാലയും നായികമാരായി എത്തുന്ന ചിത്രം ടൈം ട്രാവലർ കഥയാണ് . കെ.ജെ.ആർ സ്റ്റുഡിയോ നിർമിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിയോഗി ആണ്.
വിജയ്സേതുപതിയും ഐശ്വര്യ രാജേഷും ഒന്നിക്കുന്ന ക പെ റണസിങ്കം സീ 5 തമിഴിലൂടെയാണ് റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ സംവിധാനം നിർവഹിക്കുന്നത് വിരുമാണ്ടിയാണ്.വൈഭവ് റെഡ്ഢി,വരലക്ഷമി ശരത് കുമാർ,ആത്മിക എന്നിവർ അഭിനയിക്കുന്ന ഹൊറർ ചിത്രം കാട്ടേരി സീ 5 തമിഴിലൂടെ റിലീസിനെത്തും. ഡികെ ആണ് സംവിധാനം നിർവഹിക്കുന്നത്.