neelakanda

ന്യൂഡൽഹി: പ്രായം വെറും 20 വയസാണ്. പക്ഷെ നീലകണ്‌ഠ ഭാനു പ്രകാശ് നേടിയ അംഗീകാരം ആരെയും അതിശയിപ്പിക്കുന്നതാണ്. ലണ്ടനിൽ നടന്ന മൈന്റ് സ്‌പോർട്‌സ് ഒളിംപ്യാഡിൽ നടന്ന 'മെന്റൽ കാൽക്കുലേഷൻ ലോക ചാംപ്യൻഷിപ്പിൽ' 13 രാജ്യങ്ങളിൽ നിന്നെത്തിയ 29 പ്രതിഭകളെ അതിവേഗം കണക്ക് കൂട്ടി തോൽപിച്ചു ഈ ഹൈദരാബാദ് സ്വദേശി. 'വേഗമേറിയ മനുഷ്യ കാൽകുലേ‌റ്റർ' എന്ന പട്ടവും സ്വന്തമാക്കി.

ചോദ്യ കർത്താക്കൾ നൽകുന്ന ചോദ്യത്തിന് മത്സരാർത്ഥികൾ വേഗം മറുപടി പറയണം എന്നതായിരുന്നു മത്സരം. മ‌റ്റുള‌ളവരെ മത്സരത്തിൽ ബഹുദൂരം പിന്നിലാക്കി നീലകണ്‌ഠ വേഗം ഉത്തരം പറഞ്ഞു. ചോദ്യ കർത്താക്കൾക്ക് ഉത്തരം കണക്കുകൂട്ടി കണ്ടെത്താൻ പിന്നെയും സമയമെടുത്തു. 65 പോയി‌ന്റിന് മുന്നിലെത്തിയാണ് നീലകണ്‌ഠ ഭാനു പ്രകാശ് മത്സരം വിജയിച്ചത്.

മുപ്പതോളം മത്സരാർത്ഥികളുമായി വെർച്വൽ മത്സരമാണ് നടന്നത്. ഇംഗ്ള‌ണ്ട്,ജർമ്മനി,യുഎഇ,ഫ്രാൻസ്, ഗ്രീസ്, ലെബനൻ എന്നീ രാജ്യങ്ങളിൽ നിന്നും മത്സരാർത്ഥികൾ ഉണ്ടായിരുന്നു. കണക്ക് കൂട്ടലിലെ ഈ അസാധാരണ കഴിവിന് നീലകണ്‌ഠയ്‌ക്ക് നാല് ലോക റെക്കോർഡും അൻപത് ലിംകാ റെക്കോഡും ലഭിച്ചിട്ടുണ്ട്.

ആദ്യമായാണ് ഈ ലോക ചാംപ്യൻഷിപ്പിൽ ഇന്ത്യ സ്വർണം നേടുന്നത്. രാജ്യത്തെ സ്‌കൂളുകളിലെ കുട്ടികൾക്ക് അടിസ്ഥാന ഗണിതം മനസിലാക്കി കൊടുക്കാനുള‌ള 'വിഷൻ മാത്' ലാബുകൾ തുടങ്ങണമെന്നതാണ് തന്റെ ലക്ഷ്യമെന്ന് പറയുകയാണ് ഡൽഹി സെന്റ് സ്‌റ്റീഫൻസ് കോളേജിലെ അവസാന വർഷ ഗണിതശാസ്‌ത്ര ബിരുദ വിദ്യാർത്ഥിയായ നീലകണ്‌ഠ ഭാനു പ്രകാശ്.

ഒരു ഇന്ത്യക്കാരനെന്ന നിലയിൽ മെന്റൽ കാൽക്കുലേഷൻ ലോക ചാംപ്യൻഷിപ്പിൽ മകന് സ്വർണം നേടിയതിൽ സന്തോഷമുണ്ടെന്ന് നീലകണ്‌ഠയുടെ പിതാവ് ശ്രീനിവാസ് ജൊന്നൽഗഡ്‌ഡ അഭിപ്രായപ്പെടുന്നു. മകന്റെ സ്വപ്‌ന സാഫല്യത്തിനായി ഒപ്പമുണ്ടാകുമെന്നും ഈ അച്ഛൻ പറയുന്നു.