1. സെക്രട്ടേറിയറ്റിലെ പ്രോട്ടോക്കോള്‍ വിഭാഗത്തില്‍ ഉണ്ടായ തീപ്പിടിത്തവുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപകമായി പ്രതിപക്ഷ സംഘടനകളുടെ പ്രതിഷേധം. തിരുവനന്തപുരത്തും കണ്ണൂരിലും ബിജെപി-യുവമോര്‍ച്ച പ്രതിഷേധം അക്രമാസക്തം ആയി. കണ്ണൂരില്‍ കളക്രേ്ടറ്റില്‍ ബി.ജെ.പിയുടെ പ്രതിഷേധ മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശി. ജലപീരങ്കി പ്രയോഗിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അഡ്വ.പ്രകാശ് ബാബു , ജില്ലാ പ്രസിഡന്റ് എന്‍ ഹരി എന്നിവര്‍ അറസ്റ്റിലാണ്. കണ്ണൂര്‍ കളക്രേ്ടറ്റിന് മുന്നില്‍ യുത്ത് കോണ്‍ഗ്രസും പ്രതിഷേധിക്കുക ആണ്.
2. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റിന് മുന്നിലെ യുവമോര്‍ച്ച പ്രതിഷേധവും അക്രമാസക്തം ആയി. പ്രതിഷേധക്കാര്‍ ബാരിക്കേഡുകള്‍ തള്ളി മാറ്റാന്‍ ശ്രമിച്ചു. പൊലീസ് ഗ്രനേഡ് പ്രയോഗിച്ചു. സെക്രട്ടേറിയറ്റിന് മുന്നില്‍ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. കൊല്ലം കളക്രേ്ടറ്റിലേക്ക് ആര്‍.വൈ.എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം ഉണ്ടായി. തള്ളിക്കയറാന്‍ നടത്തിയ ശ്രമം പൊലീസ് തടഞ്ഞു. കൊല്ലം കളക്രേ്ടറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിഷേധിച്ചു.
3. ബിജെപി സംസ്ഥാന അധ്യക്ഷനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ എറണാകുളം കണയന്നൂര്‍ താലൂക്ക് ഓഫീസിലേക്ക് മാര്‍ച്ച് നടത്തുന്നു. പ്രവര്‍ത്തകര്‍ റോഡില്‍ കുത്തി ഇരുന്ന് പ്രതിഷേധിച്ചു. ഇവരെ പിന്നീട് അറസ്റ്റ് ചെയ്ത് നീക്കി. കാസര്‍കോട് ബിജെപി പ്രവര്‍ത്തകര്‍ റോഡ് ഉപരോധിക്കുക ആണ്. കല്‍പ്പറ്റ നഗരത്തിലും ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുക ആണ്. മുഖ്യമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെട്ടാണ് ദേശീയ പാതയില്‍ പ്രതിഷേധം നടത്തുന്നത്. പ്രതിഷേധക്കാര്‍ മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു.
4. സംസ്ഥാനത്ത് ഇന്ന് കൊവിഡ് ബാധിച്ച് രണ്ടുമരണം. മലപ്പുറം ചെമ്മാട് സ്വദേശി അബൂബക്കര്‍ ഹാജിയും കണ്ണൂര്‍ കൂവ്വപ്പാടി സ്വദേശി അനന്തനും ആണ് മരിച്ചത്. അബൂബക്കര്‍ ഹാജിക്ക് ശ്വാസതടസവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടായിരുന്നു. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് അനന്തന്റെ മരണം. അതേസമയം, സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം ദിവസേനെ വര്‍ധിക്കുക ആണ്. പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉളളവര്‍ പോലും ലക്ഷണങ്ങള്‍ ഇല്ലെന്ന പേരില്‍ പരിശോധനയില്‍ നിന്ന് ഒഴിഞ്ഞു മാറുകയാണ്. ലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീടുകളില്‍ തന്നെ ചികിത്സ നല്‍കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം നടപ്പാകാത്തതും ആളുകളെ പിന്തിരിപ്പിക്കുന്നുണ്ട്.
5. അതേസമയം, വരുന്ന ഒരാഴ്ച കോവിഡ് വ്യാപനം മൂര്‍ധന്യത്തില്‍ എത്തുമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. 10 ദിവസത്തിന് ഇടയില്‍ 120 പേരുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന ആണ് ഇന്നലെ രേഖപ്പെടുത്തിയത്. 2,375 പേര്‍ക്ക് കോവിഡ് ബാധിച്ചതില്‍ 90 ശതമാനം പേര്‍ക്കും സമ്പര്‍ക്കത്തിലൂടെ ആണ് രോഗബാധ. മലപ്പുറത്തും കോഴിക്കോടും തൃശൂരും രോഗവ്യാപനം രൂക്ഷമാണ്. എന്നാല്‍ തിരുവനന്തപുരത്തെ ലാര്‍ജ് ക്ലസ്റ്ററുകളില്‍ രോഗവ്യാപനം കുറഞ്ഞു. എന്നാല്‍ വരുന്ന മൂന്നാഴ്ച രോഗവ്യാപനം കൂടുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടറുടെ മുന്നറിയിപ്പുണ്ട്.
6. സെക്രട്ടേറിയറ്റില്‍ ഇന്നലെ ഉണ്ടായ തീ പിടുത്തം അട്ടിമറി ശ്രമത്തിന്റെ ഭാഗം ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സെന്‍ട്രലൈസ്ഡ് എസി ഉള്ള മുറിയില്‍ എന്തിനാണ് ഫാന്‍. പഴയ ഫാന്‍ കൊണ്ടുവന്ന് കെട്ടിത്തൂക്കി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയെയും ചീഫ് സെക്രട്ടറിയെയും ഗവര്‍ണര്‍ വിളിച്ചു വരുത്തണം എന്നും ചെന്നിത്തല പറഞ്ഞു. എം. ശിവശങ്കറിനെയും സ്വപ്ന സുരേഷിനെയും സ്വര്‍ണ്ണക്കടത്തു കേസില്‍ നിന്ന് രക്ഷിക്കാനുള്ള സര്‍ക്കാരിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് ഇന്നലെ ഉണ്ടായ തീ പിടുത്തം. നിര്‍ണ്ണായകവും രഹസ്യ സ്വഭാവമുള്ളതും ആയ ഫയലുകള്‍ നശിച്ചിട്ടുണ്ട്. വിശദ വിവരങ്ങള്‍ പിന്നീട് പറയാം. ചീഫ് സെക്രട്ടറി വിശ്വാസ് മേത്ത ഇപ്പോള്‍ അവിശ്വാസ് മേത്ത എന്നാണ് ജനങ്ങള്‍ക്ക് ഇടയില്‍ അറിയപ്പെടുന്നത്. ഭരണം നടത്തുന്നത് അധോലോക സംഘമാണ് എന്നും ചെന്നിത്തല ആരോപിച്ചു. മുഖ്യമന്ത്രി രാജി വെയ്ക്കും വരെ യു.ഡി.എഫ് സമരം തുടരും എന്നും ചെന്നിത്തല പറഞ്ഞു.
7. സ്വര്‍ണക്കടത്തില്‍ അറസ്റ്റിലായ ടി.എം. സംജുവിന്റെ ഭാര്യ വീട്ടില്‍ എന്‍.ഐ.എ പരിശോധന. ഭാര്യാ പിതാവിന്റെ ജ്വല്ലറിയിലൂടെ സ്വര്‍ണം വിറ്റഴിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ആണ് റെയ്ഡ്. കോഴിക്കോട് എരഞ്ഞിക്കലിലെ വീട്ടില്‍ ആണ് അന്വേഷണ സംഘത്തിന്റെ പരിശോധന. അതേസമയം, സ്വര്‍ണക്കടത്തില്‍ എന്‍ഫോര്‍സ്‌മെന്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സ്വപ്ന സരേഷിന്റെയും സന്ദീപ് നായരുടെയും സരിത്തിന്റെയും റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. 14 ദിവസത്തേക്ക് റിമാന്‍ഡ് നീട്ടാന്‍ ഇ.ഡി ഇന്ന് കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് കേസ് പരിഗണിക്കുക. കസ്റ്റംസ് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ആറാം പ്രതി ഹംജദ് അലിയുടെ ജാമ്യാപേക്ഷയും ഇന്ന് കോടതി പരിഗണിക്കും.