secretariat

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പൊതുഭരണ വിഭാഗത്തിൽ (പൊളിറ്റിക്കൽ)​ കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തം കത്തിയതാണോ കത്തിച്ചതാണോ എന്ന വിവാദം കൊടുമ്പിരിക്കൊള്ളുമ്പോഴും ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിലെ ഫയർ സുരക്ഷ അത്രയ്ക്ക് സുരക്ഷിതമല്ലെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതുവരെ സെക്രട്ടേറിയറ്റിൽ ഫയർ സുരക്ഷാ ഓഡിറ്റ് നടന്നിട്ടില്ല. ഒരു വ‌ർഷം മുമ്പ് സെക്രട്ടേറിയറ്റ് സന്ദർശിച്ച ശേഷം യു.എൻ ദുരന്തനിവാരണ വിഭാഗം തലവൻ മുരളി തുമ്മാരുകുടി തന്റെ ഫേസ്ബുക്ക് പേജിലൂടെ അവിടത്തെ തീപിടിത്ത സാദ്ധ്യതയെ കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ,​ ഒരു നടപടിയും ഉണ്ടായില്ല. കഴിഞ്ഞ ദിവസമുണ്ടായത് സാധാരണ തീപിടിത്തങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ചെറുതാണെന്ന് കരുതാമെങ്കിലും ഫയർ സുരക്ഷ അത്രയ്ക്ക് അവഗണിക്കാവുന്ന ഒന്നല്ല.

രണ്ട് റിപ്പോർട്ടുകൾ

2016ൽ അഗ്നിശമന സേനയും 2018ൽ സംസ്ഥാന ദുരന്തനിവാരണ അതോറിട്ടിയും സെക്രട്ടേറിയറ്റിലെ തീപിടിത്ത സാദ്ധ്യത അടക്കമുള്ളവയെ കുറിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. തീപിടിത്തമുണ്ടായാൽ ചെയ്യേണ്ട കാര്യങ്ങൾ സംബന്ധിച്ച് ദുരന്തനിവാരണ അതോറിട്ടി 2011ലും 2018ലും മോക്ക് ഡ്രിൽ നടത്തിയിരുന്നു. അതിനുശേഷം സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തു. സെക്രട്ടേറിയറ്റിൽ ജീവനക്കാരുടെ ബാഹുല്യമുള്ള വിവിധ സെക്ഷനുകൾക്കിടയിൽ ഇലക്ട്രിക്കൽ സർക്യൂട്ടുകൾ ഉണ്ടെന്നും ഇവ അപകടസാദ്ധ്യതയുള്ളതാണെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. മാത്രമല്ല, വകുപ്പുകൾ പേപ്പർ ഫയലുകൾ ഉപയോഗിക്കുന്നത് തീപിടിത്ത സാദ്ധ്യത ഉയർത്തുന്നതായും ചൂണ്ടിക്കാട്ടിയിരുന്നു. അതിനാൽ തന്നെ ഈ സർക്യൂട്ട് ലൈനുകൾ ഒഴിവാക്കണമെന്നും റിപ്പോർട്ടിൽ നിർദ്ദേശിച്ചു.

ഫയർ അലാറം നോക്കുകുത്തി

തീപിടിത്തമുണ്ടായാൽ മുന്നറിയിപ്പ് നൽകുന്ന ഫയർ അലാറങ്ങൾ സെക്രട്ടേറിയറ്റിൽ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം തന്നെ പ്രവർത്തനരഹിതമാണ്. മാത്രമല്ല ജീവനക്കാർക്ക് മുന്നറിയിപ്പ് നൽകാനുള്ള മൈക്ക് അനൗൺസ്‌മെന്റ് സംവിധാനവും കാലങ്ങളായി ചത്തുകിടക്കുകയാണ്.

ഇടനാഴികളിലൂടെ നടക്കാനാകില്ല

സെക്രട്ടേറിയറ്റിന്റെ ഇടനാഴികളിൽ ഉപയോഗിക്കാതെ കിടക്കുന്ന ഫർണിച്ചറുകളും മറ്റ് സാധനങ്ങളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അടിയന്തര സാഹചര്യത്തിൽ ജീവനക്കാരെ ഒഴിപ്പിക്കേണ്ടി വന്നാൽ സ്വതന്ത്രമായി സഞ്ചരിക്കാൻ പോലുമാകില്ലെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു.151 വർഷത്തെ പഴക്കമുണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തങ്ങളെ സെക്രട്ടേറിയറ്റ് അതിജീവിക്കുമോയെന്ന കാര്യവും സംശയമാണ്. ചുവരിലും മേൽക്കൂരയിലും തറയിലുമൊക്കെയുള്ള വിള്ളലുകൾ ഈ ആശങ്ക ശരിവയ്ക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

ബഡ്ഡി സംവിധാനം എവിടെ?
പ്രത്യേക പരിഗണന വേണ്ട ഏതാണ്ട് നൂറോളം ഭിന്നശേഷിക്കാരാണ് സെക്രട്ടേറിയറ്റിലുള്ളത്. ഇവർക്കായി ബഡ്ഡി സംവിധാനം ഏർപ്പെടുത്തണമെന്ന് റിപ്പോർട്ടിൽ ശുപാർശയുണ്ടായിരുന്നു. അതും നടപ്പായില്ല.

സെക്രട്ടേറിയറ്റിലെ തീപിടിത്തങ്ങൾ

 20 വർഷത്തിനിടെ സെക്രട്ടേറിയറ്റിലെ പ്രധാനമന്ദിരത്തിലുണ്ടാകുന്ന അഞ്ചാമത്തെ തീപിടിത്തമാണ് കഴിഞ്ഞ ദിവസം ഉണ്ടായത്.

 2005 ഡിസംബർ 21ന് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഒന്നാം നിലയിലെ ഇലക്ട്രിക് സ്വിച്ച് റൂമിന് തീപിടിച്ചിരുന്നു. കൺട്രോൾ റൂമിലെ ഫീഡറുകളിലൊന്നിലെ സ്വിച്ചിലെ ഷോർട്ട് സർക്യൂട്ട് ആയിരുന്നു കാരണം.

 2010 മാർച്ചിൽ ധനമന്ത്രി തോമസ് ഐസക് ബഡ്‌ജറ്റ് അവതരിപ്പിക്കുന്നതിന്റെ തലേദിവസം കാബിനിൽ തീപിടിച്ചു. കസേരയും ഫോണും പൂർണമായും കത്തിപ്പോയി.

 2016 ഒക്ടോബർ 6ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജയുടെ ഓഫീസിൽ തീപിടിത്തമുണ്ടായി. എ.സിയിലെ ഷോർട്ട് സർക്യൂട്ടായിരുന്നു അപകടകാരണം.

 2017 മാർച്ച് 7ന് രാത്രി അനക്‌സിലും തീപിടിത്തമുണ്ടായി.