saba-sahar

കാബൂൾ: അഫ്ഗാനിസ്ഥാനിലെ പ്രമുഖ നടിയും സംവിധായികയുമായ സബ സഹറിന് വെടിയേറ്റു. കാബൂളിൽ കാറിൽ ജോലിക്കു പോകവേയാണ് ആക്രമികൾ കാറിനു നേരെ വെടിയുതിർത്തതെന്ന് സബയുടെ ഭർത്താവ് എമൽ സാകി അറിയിച്ചതായി ബി.ബി. സി റിപ്പോർട്ട് ചെയ്യുന്നു. സബയുടെ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർക്കും വെടിയേറ്റിട്ടുണ്ട്. കാറിൽ ഒപ്പമുണ്ടായിരുന്ന ഒരു കുട്ടിയും ഡ്രൈവറും അപകടം കൂടാതെ രക്ഷപ്പെട്ടു. സബയുടെ താമസസ്ഥലത്തിനു സമീപമാണ് സംഭവം നടന്നത്. സബ വീട്ടിൽ നിന്നിറങ്ങി അൽപ്പ സമയത്തിനുള്ളിൽ വെടിയൊച്ച കേട്ടതായും സബയെ വിളിച്ചപ്പോൾ വയറ്റിൽ വെടിയേറ്റതായി അറിയിച്ചതായും ഭർത്താവ് പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ച സബയ്ക്ക് അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. അഫ്ഗാനിലെ തിരക്കുള്ള നായികയും ആദ്യ വനിതാ സംവിധായികയും സ്ത്രീ അവകാശ സംരക്ഷണ പ്രവർത്തകയുമാണ് സബ. അഫ്ഗാനിസ്ഥാനിൽ കലാകാരന്മാർക്കെതിരെ വർദ്ധിച്ചുവരുന്ന ആക്രമണങ്ങളിൽ ആംനസ്റ്റി ഇന്റർനാഷണൽ ആശങ്ക രേഖപ്പെടുത്തി. അഫ്ഗാൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.