തിരുവനന്തപുരം: മാദ്ധ്യമങ്ങളിലൂടെ കമ്മിഷനെതിരെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച ഉദ്യോഗാർത്ഥികൾക്കെതിരെ നടപടിയെടുക്കുമെന്ന് പി.എസ്.സി. കാസർകോട് ജില്ലയിലെ സ്റ്റാഫ് നഴ്‌സ് തസ്‌തികയിലേക്കുള്ള 38 ഒഴിവുകൾ സുപ്രീംകോടതി ഉത്തരവ് പ്രകാരം മാറ്റിവച്ചിരിക്കെ അത് മറച്ചുവച്ച് പി.എസ്.സിക്കെതിരെ ആക്ഷേപം ഉന്നയിച്ചവർക്ക് എതിരെയാണ് നടപടി. സർക്കാർ പി.എസ്.സിക്ക് ഒഴിവ് റിപ്പോർട്ട് ചെയ്‌തിട്ടും അവ പൂഴ്‌ത്തിവയ്ക്കുന്നുവെന്നായിരുന്നു പി.എസ്.സിയ്‌ക്ക് എതിരായ പ്രചാരണം. വ്യാജ പ്രചാരണങ്ങൾ നടത്തിയ ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുപ്പ് നടപടികളിൽ നിന്ന് വിലക്കുമെന്നാണ് പി.എസ്.സി വിശദീകരണം. വിലക്ക് കൂടാതെ ഉദ്യോഗാർത്ഥികൾക്കെതിരെ കർശന നടപടിയുണ്ടാകുമെന്നും കമ്മിഷൻ അറിയിച്ചു. വിശദ അന്വേഷണത്തിന് പി.എസ്.സി വിജിലൻസിനെ ചുമതലപ്പെടുത്തി.
ആരോഗ്യവകുപ്പിലെ ജനറൽ ഫിസിയോതെറാപ്പിസ്റ്റ്, ആയുർവേദ കോളേജിലെ ഫിസിയോതെറാപ്പിസ്റ്റ് എന്നീ തസ്‌തികകളുടെ ഒ.എം.ആർ പരീക്ഷയിൽ പരീക്ഷ കേന്ദ്രം മാറ്റി നൽകാത്തതിനാൽ പി.എസ്.സിക്കെതിരെ ഒരു പറ്റം ഉദ്യോഗാർത്ഥികൾ ഗൗരവതരമായ ആരോപണം ഉന്നയിക്കുകയാണെന്നും കമ്മിഷൻ പറയുന്നു. പി.എസ്.സിയിൽ നേരിട്ട് പരാതി നൽകാൻ സംവിധാനം ഉണ്ടെന്നിരിക്കെ സമൂഹ മാദ്ധ്യമങ്ങളിലൂടെ ഉദ്യോഗാർത്ഥികൾ ആക്ഷേപമുന്നയിക്കുകയാണ്. പരീക്ഷ കേന്ദ്രം തിരുവനന്തപുരം ആയിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര മാറ്റത്തിന് ഗൂഗിൾ സ്‌പ്രെഡ്ഷീറ്റ് വഴി അപേക്ഷിക്കാൻ കഴിയുന്നവിധത്തിൽ ഒരു സമാന്തര സംവിധാനം ഉദ്യോഗാർത്ഥികൾ രൂപപ്പെടുത്തിയിരിക്കുകയാണെന്നാണ് പി.എസ്.സി പറയുന്നത്. ഇവർക്കെതിരെ ശിക്ഷ നടപടി സ്വീകരിക്കാൻ ഇന്റേണൽ വിജിലൻസ് വിഭാഗത്തെ ചുമതലപ്പെടുത്തിയെന്നും