g-sudhakaran

സെക്രട്ടറിയേ​റ്റി​ലെ തീപി​ടി​ത്തി​ന്റെ പേരി​ൽ നാട്ടി​ൽ കലാപമഴി​ച്ചുവി​ടാനാണ് പ്രതി​പക്ഷ കക്ഷി​കൾ ശ്രമി​ക്കുന്നത് എന്ന കുറ്റപ്പെടുത്തലുമായി​ മന്ത്രി​ ജി​ സുധാകരന്റെ ഫേസ്ബുക്ക് പോസ്റ്റ്. തീപി​ടി​ത്തത്തെക്കുറി​ച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി​ക്ക് സമർപ്പി​ച്ചെന്നും അടച്ചിട്ട മുറിയിലെ വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കർട്ടനിലും ഷെൽഫിലും വീണതാണ് അപകട കാരണമെന്ന് വ്യക്തമായതായും അദ്ദേഹം പോസ്റ്റി​ൽ വ്യക്തമാക്കുന്നുണ്ട്​. ഈ മഹാമാരിയുടെ കാലത്ത് സത്യത്തിന് പുറം തിരിഞ്ഞു കൊണ്ട് നിങ്ങൾ നടത്തുന്നത് ജനദ്രോഹമാണ് എന്ന് പ്രതി​പക്ഷത്തി​നെ കളി​യാക്കി​ക്കൊണ്ടാണ് ഫേസ്ബുക്ക് പോസ്റ്റ് അവസാനി​പ്പി​ക്കുന്നത്.

ഫേസ്ബുക്ക്പോസ്റ്റി​ന്റെ പൂർണരൂപം:

സെക്രട്ടേറിയറ്റ് തീപിടുത്തം പ്രാഥമിക റിപ്പോർട്ട് മുഖ്യമന്ത്രിയ്ക്ക് സമർപ്പിച്ചു.

ഇന്നലെ വൈകുന്നേരം സെക്രട്ടേറിയറ്റ് പൊതുഭരണ വകുപ്പിലെ പൊളിറ്റിക്കൽ വിഭാഗത്തിലുണ്ടായ തീപിടുത്തം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് ലഭിച്ചു.തീപിടുത്തമുണ്ടായി എന്ന അറിവ് ലഭിച്ചയുടൻ തന്നെ പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ എൻജിനീയർ സ്ഥലം സന്ദർശിക്കുകയും പ്രാഥമിക നടപടികൾ സ്വീകരിക്കുകയും ചെയ്തു.ഈ സമയം ഞാൻ സെക്രട്ടേറിയറ്റിലെ ഓഫീസിലുണ്ടായിരുന്നു. അറിഞ്ഞയുടൻ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി കെട്ടിട വിഭാഗം ചീഫ് എൻജിനീയർ, ചീഫ് ഇലക്ട്രിക് എൻജിനീയർ എന്നിവർക്കൊപ്പം സംഭവ സ്ഥലം സന്ദർശിക്കുകയും അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം ചീഫ് എൻജിനീയറെ ചുമതലപ്പെടുത്തുകയും ചെയ്തു.

ഇതിൻ പ്രകാരം ഇന്ന് രാവിലെ 11 മണിക്ക് സമർപ്പിച്ച പ്രാഥമിക റിപ്പോർട്ടിൽ ഓഗസ്റ്റ് 24, 25 തീയതികളിൽ കോവിഡ് മാനദണ്ഡപ്രകാരം അണു വിമുക്തമാക്കി അടച്ചിട്ട മുറിയിലെ വാൾ ഫാൻ ചൂടായി പ്ലാസ്റ്റിക് ഉരുകി സമീപമുണ്ടായിരുന്ന കർട്ടനിലും ഷെൽഫിലും വീണതാണ് അപകട കാരണം എന്ന് സൂചിപ്പിക്കുന്നു. ഈ പ്രാഥമിക റിപ്പോർട്ട് ബഹു.മുഖ്യമന്ത്രിയ്ക്ക് കൈമാറിയിട്ടുണ്ട്.

ഈ വിഷയത്തിൽ വിശദമായ അന്വഷണം നടത്തുന്നതിന് പൊതുമരാമത്ത് വകുപ്പ് ചീഫ് ഇലക്ട്രിക്കൽ എൻജിനീയർ അടങ്ങുന്ന ഉന്നതതല കമ്മിറ്റിയെ തിരഞ്ഞെടുത്തിട്ടുണ്ട്. കമ്മിറ്റി അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തീർത്തും സുതാര്യമായ നടപടിക്രമങ്ങളുമായി സംസ്ഥാന സർക്കാരും പൊതുമരാമത്ത് വകുപ്പും മുന്നേറുമ്പോൾ തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ട് നാട്ടിൽ കലാപമഴിച്ചു വിടാനുളള ശ്രമങ്ങളിൽ നിന്നും പ്രതിപക്ഷ കക്ഷികൾ പിൻമാറുമെന്ന് നമുക്കാശിക്കാം. ഈ മഹാമാരിയുടെ കാലത്ത് സത്യത്തിനു പുറം തിരിഞ്ഞു കൊണ്ട് നിങ്ങൾ നടത്തുന്നത് ജനദ്രോഹമാണ്.