bank-account

മസാച്ചുസെറ്റ്സ്: ഒരു അക്കൗണ്ട് തുടങ്ങിയാൽ പണക്കാരനാകാൻ കഴിയുമോ. കഴിയുമെന്നാണ് മനോരോഗ വിദഗ്ദ്ധനായ ബ്ളെയ്സ് അഗുയ്‌രെ പറയുന്നത്. അതും സ്വന്തം അനുഭവത്തിൽ നിന്ന്. അടുത്തിടെയാണ് ബ്ളെയ്സ് ബാങ്ക് ഒഫ് അമേരിക്കയിൽ പോയി പുതിയ അക്കൗണ്ട് തുടങ്ങിയത്. തിരികെ വീട്ടിലെത്തിയപ്പോൾ ഫോണിലൊരു മെസേജ് വന്നു. മെസേജ് വായിച്ച ബ്ളെയ്സ് വീണു പോകാതിരിക്കാൻ അടുത്തുള്ള സോഫയിൽ പിടിച്ചു നിന്ന് ഒരിക്കൽ കൂടി മെസേജ് വായിച്ചു. തന്റെ പുതിയ അക്കൗണ്ടിലുള്ള ബാലൻസ് 2.45 ബില്യൺ ഡോളർ. താൻ ഒരു കോടീശ്വരനായിരിക്കുന്നു. ബാങ്കിന്റെ മൊബൈൽ ആപ്പ് പരിശോധിച്ച് തുക സംബന്ധിച്ച് ഒന്നുകൂടി ഉറപ്പുവരുത്തിയ ബ്ളെയ്സ് നേരെ ബാങ്കിലേക്കോടി. തന്റെ റിലേഷൻഷിപ്പ് മാനേജരെ വിവരം ധരിപ്പിച്ചു. ഇരുവരും ബാങ്കിലെ ഉന്നത അധികാരികൾക്ക് സന്ദേശം കൈമാറി. പിഴവു സംഭവിച്ചതാണെന്ന് മനസിലായ അധികൃതർ ഉടൻ തന്നെ പ്രശ്നം പരിഹരിച്ചു. ഇത്തരമൊരു പിഴവു സംഭവിച്ചതിൽ ബ്ളെയ്സിനോട് മാപ്പും പറഞ്ഞു. ബാങ്കിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ പിഴവാണെന്ന് അധികൃതർ വിശദീകരണവും നൽകി.