മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡ് ജയിക്കുന്ന ആദ്യ ഇന്ത്യക്കാരൻ
ഹൈദരാബാദ് : ഇത് കണക്കിലെ മനുഷ്യ കമ്പ്യൂട്ടർ എന്ന് പ്രശസ്തയായ ശകുന്തളാ ദേവിയുടെ പുരുഷാവതാരം. നീലകണ്ഠ ഭാനുപ്രകാശ്. ശകുന്തളാ ദേവിയുടെ റെക്കാഡും മറികടന്ന്, ലോകത്തെ ഏറ്റവും വേഗതയുള്ള മനുഷ്യ കാൽക്കുലേറ്റർ ആയ പ്രതിഭ. 21വയസ്. ഹൈദരാബാദ് സ്വദേശി. ഡൽഹി സർവകലാശാലയിലെ സെന്റ് സ്റ്റീഫൻസ് കോളേജിൽ മാത്തമാറ്റിക്സ് ഓണേഴ്സ് വിദ്യാർത്ഥി.
ആഗസ്റ്റ് 15ന് ലണ്ടനിൽ നടന്ന മൈൻഡ് സ്പോർട്സ് ഒളിമ്പ്യാഡിൽ സ്വർണമെഡൽ നേടി. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ്.
പതിമ്മൂന്ന് രാജ്യങ്ങളിലെ 29 മത്സരാർത്ഥികളെയാണ് പിന്തള്ളിയത്. രണ്ടാം സ്ഥാനത്തെത്തിയ ലബനൺകാരനെക്കാൾ 65 പോയിന്റ് മുന്നിൽ.
കമ്പ്യൂട്ടറിനെ തോൽപ്പിച്ച ശകുന്തളാ ദേവിയുടെ റെക്കാഡും ഭാനുപ്രകാശ് മറികടന്നു. 1980 ജൂൺ 18ന് ലണ്ടനിലെ ഇമ്പീരിയൽ കോളേജിൽ നടത്തിയ പ്രകടനത്തിൽ 13 അക്കങ്ങളുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം വെറും 28 സെക്കൻഡിൽ പറഞ്ഞാണ് ശകുന്തളാ ദേവി അതിവേഗ മനക്കണക്കിൽ റെക്കാഡിട്ടത്. ഭാനുപ്രകാശിന്റെ സമയം അറിവായിട്ടില്ല.
മനക്കണക്കിലെ മാന്ത്രിക പ്രകടനങ്ങളുടെ നാല് ലോക റെക്കാഡുകളും അൻപത് ലിംക റെക്കാഡുകളും ഈ യുവാവിന്റെ പേരിലാണ്.
പ്രശസ്ത മത്സരം
വിവിധ വിഷയങ്ങളിൽ മാനസികമായ കഴിവുകൾ പരീക്ഷിക്കുന്ന പ്രശസ്തമായ അന്താരാഷ്ട്ര വാർഷിക മത്സരമാണ് മൈൻഡ് സ്പോർട്ട്സ് ഒളിമ്പ്യാഡ്. 1997ലാണ് തുടക്കം. ഇത്തവണ കൊവിഡ് കാരണം മത്സരം ഓൺലൈനിലായിരുന്നു. ചെസ് ഉൾപ്പെടെ 60 ബോർഡ് ഗെയിം മത്സരങ്ങളും ഓർമ്മശക്തി, മനക്കണക്ക്, സർഗാത്മക ആശയങ്ങൾ തുടങ്ങിയ മത്സരങ്ങളും ഉൾപ്പെടും.
വിഷൻ മാത്ത്
ഇന്ത്യയിലെ ഒന്നു മുതൽ പന്തണ്ടാം ക്ലാസ് വരെയുള്ള കുട്ടികളിൽ കണക്കിനോടുള്ള ഭയം ഇല്ലാതാക്കി താത്പര്യമുണ്ടാക്കാൻ 'വിഷൻ മാത്ത്' എന്ന ഒരു പദ്ധതി ഭാനുപ്രകാശിന്റെ മനസിലുണ്ട്. എക്സ്പ്ലോറിംഗ് ഇൻഫിനിറ്റീസ് എന്ന ഭാനുപ്രകാശിന്റെ സ്റ്റാർട്ടപ്പ്, തെലങ്കാന സർക്കാരിന്റെ വിദ്യാഭ്യാസ ചാനലായ ടി - സാറ്റിന്റെ ഗണിതശാസ്ത്ര പങ്കാളിയാണ്.
ശകുന്തളാ ദേവി - അക്കങ്ങളുടെ തോഴി
ജനനം ബംഗളുരുവിൽ 1929 നവംബർ 4
മരണം 2013. ഏപിൽ 21
83വയസായിരുന്നു
രണ്ട് രൂപ സ്കൂൾ ഫീസ് നൽകാൻ സർക്കസ് ജീവനക്കാരനായ പിതാവിന് കഴിയാതെവന്നപ്പോൾ പഠനം നിറുത്തി
ഗിന്നസ് റെക്കോഡ്
13 അക്കങ്ങളുള്ള രണ്ട് സംഖ്യകളുടെ ഗുണനഫലം 28 സെക്കൻഡിൽ
സംഖ്യകൾ - 7,686,369,774,870 × 2,465,099,745,779
ഉത്തരം - 18,947,668,177,995,426,462,773,730
മറ്റൊരു നേട്ടം
201 അക്കങ്ങളുള്ള സംഖ്യയുടെ 23ാം സ്ക്വയർ റൂട്ട് 50 സെക്കൻഡിൽ കണക്കാക്കി
''കണക്കില്ലെങ്കിൽ നിങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല. നിങ്ങൾക്ക് ചുറ്റും ഉള്ളതെല്ലാം കണക്കാണ്, എല്ലാം അക്കങ്ങളാണ്''
--ശകുന്തളാ ദേവി
ശകുന്തളാ ദേവിയുടെ ജീവിതത്തെ പറ്റി അതേ പേരിലുള്ള ഹിന്ദി സിനിമ ഈയിടെ ആമസോണിൽ റിലീസ് ചെയ്തിരുന്നു. വിദ്യാബാലനാണ് ശകുന്തളാദേവിയായി അഭിനയിക്കുന്നത്. അനുപമ ബാലകൃഷ്ണൻ ( അനു മേനോൻ ) ആണ് സംവിധായിക. അനുപമയുടെ ഭർത്താവ് മലയാളിയാണ്.