dental

തിരുവനന്തപുരം: ദന്തചികിത്സാ രംഗത്ത് വിപ്ളവകരമായ മാറ്റം സൃഷ്ടിച്ച് രാജ്യത്തെ ആദ്യ ഡെന്റൽ ലാബ് പുലയനാർകോട്ട ടി.ബി ആശുപത്രി വളപ്പിൽ പ്രവർത്തനം ആരംഭിച്ചു. സർക്കാർ ഡെന്റൽ കോളേജിന്റെ ഭാഗമായി കൺസർവേറ്റീവ് ഡെന്റിസ്ട്രി വിഭാഗം മേധാവിയുടെ കീഴിലാണ് ഡെന്റൽ ലാബ് പ്രവർത്തിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങളെ ആശ്രയിച്ചു വന്നിരുന്ന കൃത്രിമ പല്ല് നിർമാണം പൂർണമായും പുതിയ ലാബിൽ സാദ്ധ്യമാകുമെന്നതാണ് പ്രധാന മേന്മ. ഡെന്റൽ ചികിത്സാരംഗവുമായി ബന്ധപ്പെട്ട ക്രൗൺ, ബ്രിഡ്ജ്, ഇൻലെ, ഓൺലെ തുടങ്ങിയവ ഒരുപരിധിവരെ സ്വകാര്യ ലാബുകളെ ആശ്രയിച്ചാണ് നടത്തിവന്നത്. ഡെന്റൽ ലാബ് പ്രവർത്തന സജ്ജമായതോടെ ചുരുങ്ങിയ ചെലവിൽ ഇതെല്ലാം ചെയ്യാനാകും. ബി.പി.എൽ വിഭാഗക്കാർക്ക് ചികിത്സ സൗജന്യമാണ്. 1.10 കോടിയാണ് ലാബിനായി ചെലവിട്ടത്.

പല്ലടയ്ക്കാനും പല്ല് പൊട്ടാതിരിക്കാനുള്ള ആവരണം നിർമ്മിക്കുവാനും കൃത്രിമ പല്ലുണ്ടാക്കാനും, ലോഹങ്ങളും ലോഹസങ്കരങ്ങളും സിറാമിക്സും ആണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഡെന്റൽ കൗൺസിലിന്റെ മാനദണ്ഡപ്രകാരം സിറാമിക് യൂണിറ്റോടു കൂടിയാണ് ഇത്തരത്തിലുള്ള ഒരു ലബോറട്ടറി സ്ഥാപിച്ചത്.


സംസ്ഥാനത്തെ ഡെന്റൽ വിദ്യാഭ്യാസ മേഖലയിലെ വിദ്യാർത്ഥികൾക്ക് ബി.ഡി.എസ്, എം.ഡി.എസ്, പാരാ ഡെന്റൽ എന്നിവയ്ക്ക് വേണ്ട ലബോറട്ടറി പരിശീലനം കൊടുക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. അതിനാൽ വിദ്യാർത്ഥികളെ സ്വകാര്യ ലാബിൽ പരിശീലനത്തിന് കൊണ്ടുപോകുകയാണ് ചെയ്യുന്നത്. ഈ സാഹചര്യത്തിലാണ് ഡന്റൽ ലാബോറട്ടറി പൊതുമേഖലയിൽ സ്ഥാപിക്കാൻ തീരുമാനിച്ചത്.