racial-discrimination

വിസ്കോൻസിൻ: അമേരിക്കയിലെ കെനോഷെ നഗരത്തിൽ മക്കൾ നോക്കിനിൽക്കെ, നിരായുധനായ ജേക്കബ് ബ്ളേക്ക് എന്ന ആഫ്രോ - അമേരിക്കൻ വംശജനെ പൊലീസ് ഏഴുതവണ വെടിവച്ച സംഭവത്തിൽ മൂന്നാംദിനവും പ്രതിഷേധാഗ്നി ആളിക്കത്തുന്നു, കെനോഷെയിലും വിസ്കോൻസിനിലും പലയിടത്തും പൊലീസ് , പ്രക്ഷോഭകരുമായി ഏറ്റുമുട്ടി. ചൊവ്വാഴ്ച കെനോഷെ നഗരത്തിൽ നടന്ന വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.വെടിയേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചെന്നും ജീവന് അപായമില്ലെന്നും കെനോഷെ പൊലീസ് അറിയിച്ചു.

പ്രക്ഷോഭകർക്കിടയിലുണ്ടായ വെടിവയ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വാദം.
ഇന്നലെ സോഷ്യൽമീഡിയയിൽ പ്രചരിച്ച വീഡിയോകളിൽ നീണ്ട തോക്കുമായി നിൽക്കുന്ന ഒരാളെ ജനക്കൂട്ടം പിന്തുടർന്ന് കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതും ഇയാൾ ആൾക്കൂട്ടത്തിന് നേരെ നിറയൊഴിക്കുന്നതും വ്യക്തമാണ്.
പശ്ചാത്തലത്തിൽ പൊലീസ് റബ്ബർ ബുള്ളറ്റിനുകളും കണ്ണീർവാതകവും പ്രയോഗിക്കുന്നതും കാണാം. കനത്ത പുകയ്ക്കും വെടിശബ്ദത്തിനുമിടെ 300-400ഓളം പ്രക്ഷോഭകർ സ്ഥലത്തുണ്ടെന്നതും വ്യക്തമാണ്.

കെനോഷയിൽ കർഫ്യൂ ലംഘിച്ച് വലിയ പ്രതിഷേധം നടന്നു.

പോർട്ട്ലാൻഡ്, ഓറിഗോൺ, സിയാറ്റിൽ, മിനിയാപോളിസ്, ന്യൂയോർക്ക് എന്നിവിടങ്ങളിലും പ്രതിഷേധ മാർച്ചുകളുണ്ടായി.

വെടിവച്ച് പൊലീസ് ഉദ്യോഗസ്ഥരെ നിലവിൽ നിർബന്ധിത അവധിയിലാക്കിയിരിക്കുകയാണ്. ഇവരെ സർവീസിൽ നിന്ന് പുറത്താക്കി പ്രോസിക്യൂട്ട് ചെയ്യണമെന്ന് ബ്ലാക്ക് ലൈവ്സ് മാറ്റർ ചാപ്റ്റർ എന്ന സംഘടനയുടെ പ്രസിഡന്റ് ക്ലൈഡ് മക്ലിമോർ പറഞ്ഞു. അതുവരെ പ്രതിഷേധങ്ങൾ അവസാനിക്കില്ലെന്ന് ക്ലൈഡ് മക്ലിമോർ പറഞ്ഞു.

മൂന്ന് മാസം മുമ്പ് മിനിസോട്ട സംസ്ഥാനത്തെ മിനിയാപോളിസിൽ ജോർജ് ഫ്ളോയിഡ് എന്ന ആഫ്രോ - അമേരിക്കൻ വംശജനെ പൊലീസ് കൊലപ്പെടുത്തിയത് ആഴ്ചകളോളം നീണ്ട പ്രതിഷേധത്തിന് കാരണമായിരുന്നു. പൊലീസ് ക്രൂരതയ്ക്കും വംശീയാതിക്രമത്തിനുമെതിരെ ശക്തമായ ജനരോഷമാണ് അമേരിക്കയിൽ പ്രകടമായത്.

വിസ്കോൻസിനിൽ

അടിയന്തരാവസ്ഥ

ജേക്കബ് ബ്ലേക്കിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ വിസ്കോൻസിൻ ഗവർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതൽ നാഷണൽ ഗാർഡിനെ നിയോഗിക്കുമെന്ന് ഗവർണർ അറിയിച്ചു. രണ്ട് സ്ത്രീകൾ തമ്മിലുള്ള അടിപിടി പരിഹരിക്കാൻ ശ്രമിക്കുമ്പോളാണ് 29കാരനായ ബ്ലേക്കിന് വെടിയേറ്റത്.

നിലമെച്ചപ്പെട്ടു

ആശുപത്രിയിൽ കഴിയുന്ന ബ്ലേക്കിന്റെ നില മെച്ചപ്പെട്ടതായി കുടുംബം അറിയിച്ചു. വിസ്കോൻസിൻ ജസ്റ്റിസ് ഡിപ്പാർട്ട്മെന്റ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. അതേസമയം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

ബ്ലേക്കിന്റെ മൂന്നും അഞ്ചും എട്ടും വയസ്സ് പ്രായമുള്ള കുട്ടികളുടെ മുന്നിൽ വച്ചാണ് വെടിവച്ചതെന്ന് ബ്ലേക്ക് കുടുംബത്തിന്റെ അഭിഭാഷകനായ ബെൻ ക്രംപ് എ.ബി.സി ന്യൂസിനോട് പറഞ്ഞു. ബ്ലേക്ക് ഡോർ തുറന്ന് ഡ്രൈവർ സീറ്റിലേയ്ക്ക് ഇരിക്കാൻ പോകുമ്പോളാണ് പൊലീസുകാരൻ വെടിവച്ചത് എന്ന് ദൃശ്യങ്ങളിൽ വ്യക്തമാണ്. എന്നാൽ എന്തിന് വെടിവച്ചു എന്ന് പൊലീസ് ഇതുവരെ വിശദീകരിച്ചിട്ടില്ല.