ന്യൂയോർക്ക്: ഈ വർഷം അവസാനം പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കുന്ന അമേരിക്കയിൽ പ്രചാരണത്തിൽ ഇടക്കിടെ നാടകീയ സംഭവങ്ങളും നേതാക്കളുടെ പരാമർശവും വലിയ വാർത്താ കോലാഹലമാണ് സൃഷ്‌ടിക്കുന്നത്. ഏറ്റവും പുതുതായി അവിടെ വിവാദം ഉണ്ടാക്കിയിരിക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭാര്യ മെലാനിയയുടെ ചങ്ങാതി എഴുതിയ ഒരു പുസ്‌തകമാണ്.
മെലാനിയ ട്രംപിന്റെ ചങ്ങാതിയും ഉദ്യോഗസ്ഥ വൃന്ദത്തിൽ ഉണ്ടായിരുന്നയാളുമായ സ്‌റ്റെഫാനി വിൻസ്‌റ്റൺ വൊൽക്കോഫ് എഴുതിയ 'മെലാനിയ ആന്റ് മി: ദി റൈസ് ആന്റ് ഫാൾ ഒഫ് മൈ ഫ്രണ്ട്ഷിപ്പ് വിത്ത് ദ ഫസ്‌റ്ര് ലേഡി' എന്ന പുസ്‌തകം ട്രംപിന്റെ രണ്ടാമത് പ്രസിഡന്റ് സ്ഥാനത്തേക്കുളള പ്രയാണത്തിന് തടസമാകുമെന്നാണ് വരുന്ന റിപ്പോർട്ടുകൾ.
മെലാനിയയും ട്രംപിന്റെ മക്കളും നടത്തിയിട്ടുളള മോശം പരാമർശങ്ങളെ കുറിച്ച് സ്‌റ്റെഫാനിയുടെ പുസ്‌തകത്തിൽ പറയുന്നുണ്ട്. ഇവയുടെ ശബ്‌ദരേഖ താൻ റെക്കോർഡ് ചെയ്‌ത് സൂക്ഷിച്ചിട്ടുണ്ടെന്ന് സ്‌റ്റെഫാനി പറയുന്നു. പുതിയ ഉദ്യോഗസ്ഥ പ്രമുഖനെ നിയമിച്ചതിന് ട്രംപിന്റെ മകളായ ഇവാൻകയോട് മെലാനിയ മോശമായി പെരുമാറിയെന്നും സ്‌റ്റെഫാനി ബുക്കിൽ കുറിക്കുന്നു.
പ്രസിഡന്റ് ട്രംപും തന്നോട് മോശമായി പെരുമാറിയെന്ന് സ്‌റ്റെഫാനി പുസ്‌തകത്തിൽ പറയുന്നുണ്ടെങ്കിലും എന്തൊക്കെയാണ് ആ സംഭവങ്ങളെന്ന് ഇപ്പോൾ പുറത്ത് വിട്ടിട്ടില്ല. ഇവാൻകയ്‌ക്കും ട്രംപിന്റെ മറ്റ് മക്കൾക്കും ട്രംപിനു തന്നെ എതിരായി മെലാനിയ മോശം പരാമർശം നടത്തിയതായി പുസ്‌തകത്തിൽ പറയുന്നു.
എന്നാൽ മെലാനിയ സംഘടിപ്പിച്ച ചില ചടങ്ങുകളിൽ സാമ്പത്തിക തിരിമറി നടത്തി എന്ന ആരോപണത്തെ തുടർന്ന് സ്‌റ്റെഫാനി വിൻസ്‌റ്റൺ വൊൽക്കോഫിനെ ജോലിയിൽ നിന്ന് പുറത്താക്കപ്പെട്ടത് എന്നും അറിവായിട്ടുണ്ട്. യഥാർത്ഥ വസ്‌തുതകൾ വരും ദിവസങ്ങളിൽ അറിയും എന്ന് ഉറപ്പ്.