joy

ആലപ്പുഴ:ആരോഗ്യ, വിദ്യാഭ്യാസ രംഗങ്ങളിൽ സാധാരണക്കാർക്ക് ഉപകാരമാകുന്ന ആപ്ളിക്കേഷനുകൾ ഉടൻ വിപണിയിലിറക്കുമെന്ന്, വീഡിയോ കോൺഫറൻസ് ഇന്നവേഷൻ ചലഞ്ച് വിജയിയും ടെക്ജെൻഷ്യ സി.ഇ.ഒയുമായ ചേർത്തല സ്വദേശി ജോയി സെബാസ്റ്റ്യൻ പറഞ്ഞു.

ആലപ്പുഴ പ്രസ് ക്ളബ്ബിന്റെ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വി കൺസോൾ എന്ന ബ്രാൻഡിൽ തന്നെയാവും ആപ്പുകൾ ഇറക്കുക .കേന്ദ്രസർക്കാരിന്റെ പ്രവർത്തനങ്ങൾക്കായി രൂപപ്പെടുത്തിയതാണ് വി കൺസോൾ. ജനത്തിന് ഉപയോഗിക്കാവുന്ന തരത്തിൽ ആപ്പ് ഇറക്കാൻ കൂടുതൽ മുതൽമുടക്ക് വേണം. വിവിധ രാജ്യങ്ങളിൽ നിന്ന് ഓഫറുകൾ വരുന്നുണ്ട്. സംസ്ഥാന സർക്കാരുമായി അനൗദ്യോഗിക ചർച്ച നടന്നിരുന്നു.സർക്കാർ ആവശ്യപ്പെട്ടാൽ സഹകരിക്കും. വിവാദങ്ങളെ പേടിക്കുന്നില്ല. എല്ലാ വീട്ടിലും മികച്ച ഇന്റർനെറ്റ് നൽകാൻ സർക്കാരിന് കഴിഞ്ഞാൽ കേരളം സംരംഭകരെ സൃഷ്ടിക്കും.ആർട്ടിഫിഷ്യൽ ഇന്റലിജൻസിനൊപ്പം ബിഹേവിയറൽ ഇന്റലിജൻസ് കൂടി സംയോജിപ്പിച്ചാണ് പുതിയ ആപ്പുകൾ ഇറക്കുന്നതെന്നും ജോയി സെബാസ്‌റ്റ്യൻ പറഞ്ഞു.

പ്രസ് ക്ലബ് പ്രസിഡന്റ് കെ.യു. ഗോപകുമാർ, സെക്രട്ടറി രാജേഷ്, ടെക്ജെൻഷ്യ ജീവനക്കാരായ ഡെന്നീസ് അറയ്ക്കൽ, റോയി ചാക്കോ, സാനു തുടങ്ങിയവർ പങ്കെടുത്തു.

@പണിപ്പുരയിൽ

ഡോക്ടർക്ക് രോഗിയെ വീഡിയോ കോൺഫറൻസിലൂടെ പരിശോധിക്കാവുന്ന ടെലിമെഡിസിൻ ആപ്

@ കിടപ്പു രോഗികളുമായി ആശയവിനിമയം നടത്താനും രക്തസമ്മർദ്ദമടക്കം പരിശോധിക്കാനുമുള്ള പാലിയേറ്റിവ് കെയർ ആപ്പ്

@ടി വി കാണുന്ന തരത്തിൽ ഓൺലൈൻ പഠനത്തിന് ഇ- ലേണിംഗ് ആപ്പ്

@യൂ ട്യൂബർമാർക്ക് തത്സമയ ആപ്പ്