covid

വാഷിംഗ്ടൺ: വാക്‌സിൻ പരീക്ഷണങ്ങൾ മുറയ്ക്ക് നടക്കുമ്പോഴും ലോകത്ത് കൊവിഡ് വ്യാപനത്തിൽ യാതൊരു കുറവും കൈവന്നിട്ടില്ല. രോഗികൾ 2.40 കോടി ( 24,092,709) കവിഞ്ഞു. മരണം 8,24,194 ആയി.

അമേരിക്ക, ഇന്ത്യ, റഷ്യ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾ കൊവിഡ് വ്യാപനവും മരണവും അനിയന്ത്രിതമായി തുടരുകയാണ്. ഇറാനിൽ വീണ്ടും കൊവിഡ് വ്യാപനം വർദ്ധിച്ചു. ഇന്നലെ മാത്രം 2,243 കേസുകളാണ് റിപ്പോർട്ട് ചെയ്തത്

അതേസമയം, ജർമ്മനി, ദക്ഷിണ കൊറിയ, മ്യാൻമർ, ഹോങ്കോംഗ്, ആസ്ട്രേലിയ,ഫിലിപ്പീൻസ്, ഇന്തൊനേഷ്യ തുടങ്ങി പലയിടങ്ങളിലും രണ്ടാം ഘട്ട വ്യാപനം അതിരൂക്ഷമാണ്. നവംബ‌റിൽ ഫ്രാൻസിൽ രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചേക്കാമന്ന് റിപ്പോർട്ടുകളുണ്ട്.

കൊവിഡ് നിയന്ത്രണവിധേയമായിരുന്ന ലെബനനിൽ ബെയ്റൂട്ട് സ്ഫോടനത്തിന് ശേഷം കാര്യങ്ങൾ അവതാളത്തിലാണ്. കഴിഞ്ഞ ദിവസം മാത്രം 525 കേസുകളും 12 മരണവുമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. കൊവിഡ് വ്യാപനം നിയന്ത്രണാതീതമാകും വിധം വർദ്ധിക്കാവുന്ന സാഹചര്യത്തിന്റെ വക്കിലാണ് രാജ്യമെന്ന് പ്രധാനമന്ത്രി ഹസൻ ദയ്ബ് പറഞ്ഞു.

ജർമ്മനിയിലേക്ക് എത്തുന്നവർക്കെല്ലാം സൗജന്യമായി കൊവിഡ് പരിശോധന നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് രാജ്യം.

അതേസമയം, ബ്രിട്ടീഷ് സർക്കാരിൽ നിന്ന് 1.9 മില്യൺ പൗണ്ടിന്റെ ധനസഹായം ലഭിച്ച ശേഷം ശരത് കാലത്ത് കൊവിഡ് വാക്സിൻ ക്ലിനിക്കൽ പരീക്ഷണങ്ങൾ ആരംഭിക്കുമെന്ന് കേംബ്രിഡ്ജ് സർവകലാശാല അറിയിച്ചു. സെപ്തംബർ മുതൽ ഡിസംബർ വരെയാണ് ശരത് കാലം.