vijaykanth

ചെന്നൈ: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കാൻ ഒരുങ്ങി നടൻ വിജയകാന്തിന്റെ ഡി.എം.ഡി.കെ പാർട്ടി. തമിഴ്നാട് തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിക്കേണ്ട സമയമായെന്ന് പാർട്ടി നേതാവും വിജയകാന്തിന്റെ ഭാര്യയുമായ പ്രേമലത വിജയകാന്ത് വ്യക്തമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയുമായി സഖ്യത്തിലായിരുന്നു വിജയകാന്തിന്റെ പാർട്ടി. രാജ്യസഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്ന് ഇരു പാർട്ടികൾക്കുമിടയിൽ ഭിന്നത രൂക്ഷമായതിനെ തുടർന്നാണ് പുതിയ നീക്കം. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പാർട്ടി തീരുമാനം വിജയകാന്ത് ഉടൻ പ്രഖ്യാപിക്കുമെന്നും പ്രേമലത പറഞ്ഞു.

എന്നാൽ, തിരഞ്ഞെടുപ്പിൽ ഇവരെ കൂടെ നിറുത്താനായി കിണഞ്ഞുപരിശ്രമിക്കുകയാണ് അണ്ണാ ഡി.എം.കെ. ഇതിനായി ഉപമുഖ്യമന്ത്രി ഒ. പനീർസെൽവം തന്നെ രംഗത്തെത്തിയിട്ടുണ്ട്. തിരഞ്ഞെടുപ്പിൽ അർഹമായ പരിഗണന തന്നെ നൽകുമെന്ന് പനീർസെൽവം, വിജയകാന്തിന് ഉറപ്പുനൽകിയതായും സൂചനയുണ്ട്.