റാമല്ല: 'ഞാൻ ജനിച്ചത് ഗാസ സിറ്റിയിലാണ്, ആദ്യം കേട്ടത് വെടിയൊച്ചകളാണ്. എന്റെ ആദ്യശ്വാസത്തിൽ ഞാൻ വെടിമരുന്ന് ആസ്വദിച്ചു' ... യുദ്ധക്കെടുതിയിൽ അമർന്ന പാലസ്തീൻ തെരുവിൽ നിന്ന് ലോകമനസാക്ഷിയുടെ നേർക്കുയരുന്ന വരികളാണിത്. രചനയും സംഗീതവും ആലാപനവുമെല്ലാം പതിനൊന്നുകാരന്റെ വകയാണ്. സമാധാനം ആഗ്രഹിക്കുന്ന ജനതയുടെ വികാരം ഉൾക്കൊണ്ടാണ് അബ്ദുൽ റഹ്മാൻ അൽ ഷാന്റി (11) ഈ റാപ്പ് സൃഷ്ടിച്ചത്. പാലസ്തീനികളുടെ യുദ്ധക്കെടുതികളും ബുദ്ധിമുട്ടുകളും വിവരിക്കുന്ന അവന്റെ വരികളും താളവും ആയിരക്കണക്കിന് ആളുകളിൽ തരംഗം തീർക്കുകയാണ്. തന്റെ ഗാനങ്ങളെ സമാധാനത്തിന്റേയും മാനവികതയുടേയും സന്ദേശമെന്നാണ് ഷാന്റി വിശേഷിപ്പിക്കുന്നത്. വാചകങ്ങൾ അടുക്കിവച്ച്, സംഗീതാത്മകമായ റാപ്പ് ഏവരേയും ആകർഷിക്കും. സ്കൂൾ യൂണിഫോം ധരിച്ച് സഹപാഠികളുടെ നടുവിൽ ഗാസ സിറ്റിയിലെ തന്റെ സ്കൂളിന് പുറത്ത് ഷാന്റി ചെയ്യുന്ന റാപ്പ് വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വമ്പൻ ഹിറ്റായി മാറിയിരുന്നു. ലോകപ്രശസ്ത ബ്രിട്ടീഷ് റാപ്പർ ലോക്കി ഇത് ഷെയർ ചെയ്യുകയും ചെയ്തു. 'ഞങ്ങളുടെ ജീവിതം ദുഷ്‌കരമാണെന്ന് പറയാനാണ് ഞാനിവിടെ വന്നിരിക്കുന്നത്. ഞങ്ങളുടെ മുറ്റത്ത് നിന്ന് ബോംബുകളാണ് ലഭിക്കുന്നത്, ഞങ്ങളുടെ തെരുവുകൾ തകർന്നിരിക്കുന്നു.- 'ഗാസ മെസഞ്ചർ' എന്ന ഗാനത്തിൽ അൽ ഷാന്റി പറയുന്നു. ഇംഗ്ലീഷിൽ വരികൾ എഴുതിയശേഷം തന്റെ സെൽഫോണിലെ ആപ്ലിക്കേഷനിലൂടെ റാപ്പ് ബീറ്റ്സ് ഉണ്ടാക്കുകയാണ് ഷാന്റി ചെയ്യുന്നത്. അറബിയാണ് മാതൃ ഭാഷയെങ്കിലും ഇംഗ്ലീഷ് അനായാസം ഷാന്റി കൈകാര്യം ചെയ്യുന്നു. ഇസ്രായേൽ ഗാസയിൽ ഏർപ്പെടുത്തിയിരിക്കുന്ന ഉപരോധം എന്നെങ്കിലും അവസാനിക്കുമെന്നും അതോടെ തന്റെ നാട്ടിലെ ദാരിദ്ര്യം അവസാനിക്കുമെന്നുമുള്ള പ്രതീക്ഷയിലാണ് ഷാന്റി.
'എമിനെം, ടുപാക്, ഡി.ജെ ഖാലിദ് എന്നിവരുൾപ്പെടെയുള്ള അമേരിക്കൻ റാപ്പർമാരെ ഏറെയിഷ്ടമാണ്. എനിക്ക് എമിനമിനെപ്പോലെയാകണം. അദ്ദേഹത്തിന്റെ ശൈലി പകർത്താനല്ല, എനിക്ക് എന്റേതായ ശൈലി ഉണ്ട്. പക്ഷേ, അദ്ദേഹം എന്റെ പ്രിയപ്പെട്ട റാപ്പറാണ്. " - ഷാന്റി