messi

ബാഴ്സ: പതിമൂന്നാം വയസില്‍ ബാഴ്സലോണയിലെത്തിയ ലയണല്‍ മെസി മറ്റൊരു ക്ലബ്ബില്‍ കളിക്കുക എന്നത് ആരും ചിന്തിച്ചിട്ടില്ലാത്ത കാര്യമാണ്.എന്നാൽ ഇന്നത് യാഥാര്‍ഥ്യമായി മാറിയിരിക്കുന്നു. തന്നെ ക്ലബ്ബ് വിടാന്‍, അതും കരാറിലെ ക്ലോസ് പ്രകാരം ഫ്രീ ട്രാന്‍സ്ഫറില്‍ പോകുവാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മെസി ബാഴ്സ മാനേജ്മെന്റിന് കത്തയച്ചിട്ടുണ്ട്. യൂറോപ്പിലെ എലൈറ്റ് ക്ലബ്ബുകള്‍ ലോകോത്തര താരത്തെ സ്വന്തമാക്കുവാന്‍ കച്ച കെട്ടി രംഗത്തുണ്ട്. മെസി എവിടേക്ക് പോകും?

ആ ക്ലബ്ബുകളും ട്രാന്‍സ്ഫര്‍ നീക്കങ്ങളും ഇങ്ങനെ:

മാഞ്ചസ്റ്റര്‍ സിറ്റിക്ക് സാധ്യത കൂടുതൽ

പരിശീലകന്‍ പെപ് ഗോര്‍ഡിയോളയുമായി അടുത്ത ബന്ധം മെസിയെ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തിക്കും എന്ന് തന്നെയാണ് ഫുട്ബോള്‍ ലോകം ശക്തമായി വിശ്വസിക്കുന്നത്. മെസി ലോകതാരമാകുന്നത് പെപ് ഗോര്‍ഡിയോളയുടെ കീഴില്‍ കളിച്ചപ്പോഴായിരുന്നു. ബാഴ്സ കൂടുതല്‍ ട്രോഫികള്‍ സ്വന്തമാക്കിയതും ഇവര്‍ ഒരുമിച്ചപ്പോഴായിരുന്നു. മെസിക്ക് ബാഴ്സ വിടണമെങ്കില്‍ 700 ദശലക്ഷം പൗണ്ടിന്റെ റിലീസ് ക്ലോസ് പാലിക്കണം എന്ന് കേള്‍ക്കുന്നു. എന്നാല്‍, 2017ലെ കരാറില്‍ എപ്പോള്‍ വേണമെങ്കില്‍ ഫ്രീ ട്രാന്‍സ്ഫറില്‍ ക്ലബ്ബ് വിടാനുള്ള ക്ലോസുണ്ട്. റിലീസ് ക്ലോസിന് വാശി പിടിക്കാതെ ഫ്രീ ട്രാന്‍സ്ഫര്‍ ബാഴ്സ അനുവദിച്ചാല്‍ മാഞ്ചസ്റ്റര്‍ സിറ്റി തന്നെയാകും മെസിയുടെ അടുത്ത തട്ടകം.

ഇന്റര്‍മിലാന്റെ ദീര്‍ഘകാല സ്വപ്നം

2008 മുതല്‍ ഇന്റര്‍മിലാന്‍ ലയണല്‍ മെസിയെ സ്വന്തമാക്കാന്‍ രംഗത്തുണ്ട്. മാര്‍സയില്‍ വന്ന റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍മിലാന്‍ മെസിക്ക് നാല് വര്‍ഷത്തെ കരാറാണ് ഓഫര്‍ ചെയ്യുന്നത്. യുവെന്റസില്‍ ക്രിസ്റ്റ്യാനോക്ക് ലഭിക്കുന്നതിലും കൂടുതല്‍ വേതനമായിരിക്കും ഇന്റര്‍ മെസിക്ക് നല്‍കുക. ലാ ലിഗയില്‍ തന്റെ മുഖ്യ എതിരാളിയായിരുന്ന ക്രിസ്റ്റ്യാനോ കളിക്കുന്ന ഇറ്റാലിയന്‍ ലീഗിന്റെ ഭാഗമാകാമെന്നതാണ് ഇന്റര്‍മിലാന്റെ പ്രേരണ. അടുത്ത ചാമ്പ്യന്‍സ് ലീഗ് കിരീടം സ്വപ്നം കാണുവാന്‍ ഇന്റര്‍മിലാന് മെസിയെ പോലൊരു താരം കൂടി ഉണ്ടാകേണ്ടതുണ്ട്.

പി.എസ്.ജി ക്ഷണിക്കുന്നു

നെയ്മറിനെ ബാഴ്സയിലേക്ക് തിരികെ കൊണ്ടു വരാന്‍ മെസി നടത്തിയ നീക്കങ്ങള്‍ ക്ലബ്ബ് പ്രസിഡന്റ് ജോസഫ് ബര്‍ടോമ്യുവിന് സ്വീകാര്യമല്ലായിരുന്നു. നെയ്മറിനൊപ്പം കളിക്കാനാണ് മെസി ആഗ്രഹിച്ചത്. തന്റെ നീക്കങ്ങള്‍ മുന്‍കൂട്ടി തിരിച്ചറിയാന്‍ നെയ്മര്‍ക്കുള്ള മിടുക്കിനെ കുറിച്ച് മെസി ഏറെ വാചാലനായിരുന്നു. മെസിക്ക് നെയ്മറിനൊപ്പം വീണ്ടും ഒരുമിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ അത് പി.എസ്.ജിയില്‍ ചേരുന്നതോടെ സാധ്യമാകും. ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനോട് പരാജയപ്പെട്ട പി.എസ്.ജിക്ക് അടുത്ത സീസണില്‍ ആ കിരീടത്തില്‍ മുത്തമിടാന്‍ സാധിക്കണമെങ്കില്‍ നെയ്മറിനൊപ്പം മെസി ചേര്‍ന്നാല്‍ മതിയാകും.

റയലില്‍ ചേരുമോ?

ബാഴ്സലോണയുടെ എതിര്‍ പാളയത്തില്‍ മെസി എത്തില്ലെന്ന് ഉറപ്പിക്കാം. റയല്‍ മാഡ്രിഡ് എത്ര വലിയ വേതനം നല്‍കാമെന്ന് പറഞ്ഞാലും മെസി ചെറുപ്പം തൊട്ട് എതിര്‍ഭാഗത്ത് കണ്ട റയലില്‍ ചേരില്ലെന്ന് തന്നെയാണ് ബാഴ്സ ആരാധകര്‍ വിശ്വസിക്കുന്നത്. ബാഴ്സയുടെ സൂപ്പര്‍ താരങ്ങള്‍ റയലില്‍ ചേര്‍ന്ന ചരിത്രമുണ്ട്. ബ്രസീലിയന്‍ റൊണാള്‍ഡോ, ലൂയിസ് ഫിഗോ, മൈക്കല്‍ ലോഡ്രുപ് എന്നിവരെല്ലാം ബാഴ്സയില്‍ കളിച്ച ശേഷം റയലില്‍ ചേര്‍ന്നവരാണ്.

അപ്രതീക്ഷിത നീക്കത്തിന് യുനൈറ്റഡ്

മാഞ്ചസ്റ്റര്‍ സിറ്റിയുമായി മെസി കരാറിലെത്തുമെന്ന് പ്രതീക്ഷിക്കുമ്പോള്‍ തന്നെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് അപ്രതീക്ഷിത നീക്കത്തില്‍ മെസിയെ സ്വന്തമാക്കുമോ എന്നും പറയാന്‍ സാധിക്കില്ല. ഇംഗ്ലണ്ടില്‍ ലിവര്‍പൂളിനും സിറ്റിക്കും മുകളില്‍ പറക്കാന്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് അസാധാരണ പ്ലെയറെ ഒപ്പം കൂട്ടേണ്ടതുണ്ട്. അങ്ങനെ വന്നാല്‍, മെസി മാ്ഞ്ചസ്റ്റര്‍ യുനൈറ്റഡിലേത്തിയേക്കും.

മെസിയുടെ ബാല്യകാല ക്ലബ്ബ്

വിദൂരസാധ്യതയെങ്കിലും അര്‍ജന്റീനയിലെ ന്യൂവെല്‍സ് ഓള്‍ഡ് ബോയ്സും സാധ്യതാ പട്ടികയിലുണ്ട്. കരിയര്‍ അവസാനിപ്പിക്കുക ന്യുവെല്‍ ഓള്‍ഡ് ബോയ്സില്‍ കളിച്ചു കൊണ്ടായിരിക്കുമെന്ന് മെസി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇപ്പോഴില്ലെങ്കിലും ഭാവിയില്‍ മെസി ന്യുവെല്‍ ഓള്‍ഡ്ബോയ്സിലെത്തും. കരിയര്‍ അവസാനിപ്പിക്കുക അവിടെ വെച്ചാകും.