fat-people

ലണ്ടൻ: അമിതവണ്ണമുള്ളവർക്ക് കൊവിഡ് പകരാനും അതുമൂലം മരണം സംഭവിക്കാനുമുള്ള സാദ്ധ്യത 50 ശതമാനത്തിലേറെയാണെന്ന് പഠന റിപ്പോർട്ട്. ലോകബാങ്കിന്റെ ആഭിമുഖ്യത്തിൽ നടത്തിയ പഠനത്തിലാണിത്. ലോകത്തെ വിവിധ ഭാഗങ്ങളിൽ നിന്ന് ശേഖരിച്ച കണക്കുകളുടെ അടിസ്ഥാനത്തിൽ നോർത്ത് കരോലിന സർവകലാശാലയാണ് പഠന റിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.

ബോഡി മാസ് ഇൻഡക്സ് 30ൽ കൂടുതലുള്ളവർക്ക് കൊവിഡ് ബാധിക്കാനും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാനുമുള്ള സാദ്ധ്യത 113 ശതമാനം കൂടുതലാണ്. മറ്റുള്ളവരെ അപേക്ഷിച്ച് ഇത്തരക്കാർ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെടാനുള്ള സാദ്ധ്യത 74 ശതമാനം കൂടുതലാണ്. മറ്റ് കൊവിഡ് രോഗികളെക്കാൾ, വണ്ണമുള്ളവരിലെ മരണ നിരക്ക് 48 ശതമാനം കൂടുതലാണെന്നും പഠന റിപ്പോർട്ടിൽ വിശദമാക്കുന്നു.

യു.എൻ.സി ഗില്ലിംഗ് ഗ്ലോബൽ സ്‌കൂൾ ഓഫ് പബ്ലിക്ക് ഹെൽത്തിലെ പ്രൊഫസർ ബാരി പോപ്കിന്റെ നേതൃത്വത്തിലാണ് പഠനം നടത്തിയത്. അത്ഭുതകരമായ കാര്യങ്ങളാണ് പഠനത്തിൽ തെളിഞ്ഞതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. കൊവിഡ് ബാധിതരായ അമിതവണ്ണമുള്ളവരിലെ മരണനിരക്ക് ഞെട്ടിപ്പിക്കുന്ന രീതിയിലാണെന്ന് അദ്ദേഹം പറഞ്ഞു.
നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ജനങ്ങളോട് അമിതവണ്ണം കുറയ്ക്കാൻ ആവശ്യപ്പെട്ടിരുന്നു. കണക്കുകൾ പ്രകാരം ലോകത്തേറ്റവും അമിതവണ്ണമുള്ളവർ അമേരിക്കയിലും ഇംഗ്ളണ്ടിലുമാണ്.