നീതി ആയോഗിന്റെ പട്ടികയിൽ കേരളം ടോപ് 10ൽ
കൊച്ചി: കയറ്റുമതിക്ക് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങളുള്ള സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളത്തിന് പത്താംസ്ഥാനം. തീരദേശം, ഹിമാലയൻ, ലാൻഡ്‌ലോക്ക്ഡ്, കേന്ദ്രഭരണം എന്നീ വിഭാഗങ്ങളിലായി സംസ്ഥാനങ്ങളെ തരംതിരിച്ച് നീതി ആയോഗ് ആണ് പട്ടിക തയ്യാറാക്കിയത്. ആദ്യപത്തിൽ ആറു സ്ഥാനങ്ങളും നേടിയത് കേരളം ഉൾപ്പെടെ തീരദേശ വിഭാഗത്തിൽപ്പെട്ട സംസ്ഥാനങ്ങളാണ്.
54.11 പോയിന്റാണ് കേരളം നേടിയത്. 75.19 പോയിന്റുമായി ഗുജറാത്ത് ഒന്നാംസ്ഥാനം സ്വന്തമാക്കി. മഹാരാഷ്‌ട്ര (75.14), തമിഴ്‌നാട് (64.93), രാജസ്ഥാൻ (62.59), ഒഡിഷ (58.23) എന്നിവയാണ് യഥാക്രമം രണ്ടുമുതൽ അഞ്ചുവരെ സ്ഥാനങ്ങളിൽ. മികച്ച വ്യവസായ നയം (74.77 പോയിന്റ്), ബിസിനസ് അനുകൂല്യ സാഹചര്യം (56.23) എന്നീ വിഭാഗങ്ങളിലും കേരളം പത്താമതാണ്.
കയറ്റുമതി പ്രകടനത്തിൽ 56.30 പോയിന്റുമായി നാലാം സ്ഥാനവും കേരളം നേടി. മിസോറം, ഗുജറാത്ത്, മഹാരാഷ്‌ട്ര എന്നിവയാണ് കേരളത്തിന് മുന്നിൽ. വ്യവസായത്തിനും കയറ്രുമതിക്കും അനുകൂലമായ നയവികസനത്തിൽ 74.77 പോയിന്റാണ് കേരളത്തിന്. കയറ്റുമതി നയത്തിൽ മാത്രം 89.86 പോയിന്റും കേരളത്തിനുണ്ട്.
ഗുജറാത്ത്
നമ്പർ 1
ഏറ്റവും മികച്ച കയറ്റുമതി അനുകൂല സംസ്ഥാനങ്ങളുടെ പട്ടികയിൽ ഗുജറാത്തിനാണ് ഒന്നാംസ്ഥാനം. തീരദേശ സംസ്ഥാനങ്ങളുടെ പട്ടികയിലും മുന്നിൽ ഗുജറാത്താണ്. ഹിമാലയൻ സംസ്ഥാനങ്ങളിൽ ഉത്തരാഖണ്ഡും ലാൻഡ്ലോക്ക് സംസ്ഥാനങ്ങളിൽ രാജസ്ഥാനും കേന്ദ്രഭരണ പ്രദേശങ്ങളിൽ ഡൽഹിയും ഒന്നാമതെത്തി.
₹17,907
ഇന്ത്യയുടെ ആളോഹരി കയറ്റുമതി മൂല്യം 17,907 രൂപയാണെന്ന് നീതി ആയോഗ് ചൂണ്ടിക്കാട്ടുന്നു. 1.33 ലക്ഷം രൂപയാണ് ചൈനയുടെ മൂല്യം.