neet-jee

ന്യൂഡൽഹി : കൊവിഡിനിടെയിലും ജെ.ഇ.ഇ, നെറ്റ് പരീക്ഷകൾ നടത്താനുള്ള കേന്ദ്ര തീരുമാനത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി ഏഴ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ. കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയാ ഗാന്ധി വിളിച്ചുചേർത്ത വെർച്വൽ മീറ്റിംഗിലാണ് തീരുമാനം. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ( തൃണമൂൽ കോൺഗ്രസ്), മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ( ശിവസേന), ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറൻ ( ജാർഖണ്ഡ് മുക്തി മോർച്ച) എന്നിവരും കോൺഗ്രസ് മുഖ്യമന്ത്രിമാരായ അമരീന്ദർ സിംഗ് ( പഞ്ചാബ് ), അശോക് ഗെഹ്‌ലോട്ട് ( രാജസ്ഥാൻ ), ഭൂപേഷ് ബാഗൽ ( ചത്തീസ്ഗഢ് ), വി. നാരായണസ്വാമി ( പുതുച്ചേരി ) എന്നിവരും മീറ്റിംഗിൽ പങ്കെടുത്തു.

കേന്ദ്ര തീരുമാനത്തിൽ വിദ്ധ്യാർത്ഥികൾ ബുദ്ധിമുട്ടുകയാണെന്നും ജെ.ഇ.ഇ,​ നീറ്റ് പരീക്ഷകൾക്കെതിരെ സുപ്രീം കോടതിയിൽ കേന്ദ്രം അപ്പീൽ നൽകിയില്ലെങ്കിൽ സംസ്ഥാനങ്ങൾ സുപ്രീംകോടതിയെ സമീപിക്കണമെന്നും മമത ബാനർജി ചൂണ്ടിക്കാട്ടി. പൊതുഗതാഗത സംവിധാനങ്ങൾ പുനഃസ്ഥാപിക്കപ്പെട്ടിട്ടില്ല. ഈ സാഹചര്യത്തിൽ പരീക്ഷ നടത്തുന്നത് വിദ്യാർത്ഥികളെ പ്രതികൂലമായി ബാധിക്കുമെന്നും മമത പറഞ്ഞു. കുട്ടികൾ എങ്ങനെ പരീക്ഷയ്ക്ക് ഇരിക്കുമെന്നാണ് മമത ചോദിക്കുന്നത്. മീറ്റിംഗിൽ പങ്കെടുത്ത എല്ലാ മുഖ്യമന്ത്രിമാരും സുപ്രീംകോടതിയെ സമീപിക്കുന്നത് സംബന്ധിച്ച് ചർച്ച ചെയ്തു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സംയുക്തമായി നിവേദനം നൽകാനും യോഗത്തിൽ ധാരണയായി.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും പരീക്ഷ നടത്തുന്നതിനെതിരെ ട്വിറ്ററിലൂടെ ശക്തമായി പ്രതികരിച്ചുകൊണ്ട് രംഗത്തെത്തി. ' നീറ്റ്, ജെ.ഇ.ഇ പരീക്ഷ എഴുതാൻ പോകുന്ന കുട്ടികൾ തങ്ങളുടെ ആരോഗ്യത്തെ പറ്റി ആശങ്കയിലാണ്. കൊവിഡ് ബാധ, ഗതാഗതം, താമസം തുടങ്ങി നിരവധി കാര്യങ്ങളെയോർത്ത് കുട്ടികൾ ആശങ്കയിലാണ്. ആസാം, ബീഹാർ സംസ്ഥാനങ്ങളിൽ പ്രളയ സാഹചര്യവും ഇതിൽപ്പെടുന്നു. സർക്കാർ ഇവ ശ്രദ്ധിക്കുകയും ഉചിതമായ പരിഹാര നടപടി സ്വീകരിക്കുകയും വേണം.' രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു.