us-spy-flight-

ബീജിംഗ് : തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ച് അമേരിക്ക ചാരവിമാനത്തെ അയച്ചതായി ചൈനയുടെ പരാതി. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ നോര്‍ത്തേണ്‍ കമാന്‍ഡിന്റെ സൈനിക അഭ്യാസങ്ങള്‍ രഹസ്യമായി നിരീക്ഷിക്കുന്നതിനായിട്ടാണ് അമേരിക്ക ചാര വിമാനം അയച്ചതെന്നാണ് ചൈനയുടെ വാദം. അമേരിക്കയുടെ ഭാഗത്തുനിന്നുള്ള നഗ്നമായ പ്രകോപനമാണെന്ന് വിശേഷിപ്പിച്ച ചൈന ഈ നടപടി തങ്ങളുടെ സൈനിക അഭ്യാസത്തെ ബാധിച്ചുവെന്നും വെളിപ്പെടുത്തി. കടലില്‍ വിവിധ ഭാഗങ്ങളിലായി മൂന്നിടത്ത് ഒരേ സമയം സൈനിക പരിശീലന അഭ്യാസങ്ങള്‍ നടത്തുവാനാണ് ചൈന പദ്ധതിയിട്ടിരുന്നത്. തായ്വാന്‍, ജപ്പാന്‍, അമേരിക്ക എന്നിങ്ങനെ മൂന്ന് സൈനിക വിഭാഗങ്ങളെ എങ്ങനെ ഒരു സമയം നേരിടാം എന്നതായിരുന്നു അഭ്യാസത്തിന്റെ ഉദ്ദേശം എന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ യുഎസ് ആര്‍സി 135 എസ് ചാരവിമാനമാണ് തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിച്ചതെന്നാണ് ചൈനയുടെ വാദം. ചൈനീസ് പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍ ശക്തമായി അമേരിക്കന്‍ നടപടിയോട് പ്രതിഷേധം അറിയിച്ചു.

യുഎസ് ചാരവിമാനം കിഴക്ക് നിന്ന് ബാഷി ചാനല്‍ കടന്ന് തെക്ക് പടിഞ്ഞാറന്‍ തെക്കന്‍ ചൈനാ കടലിലേക്ക് പോവുകയും തിരികെ അതേ റൂട്ടിലൂടെ മടങ്ങിയെന്നാണ് ചൈന ആരോപിക്കുന്നത്.
അമേരിക്കയുടെ ഭാഗത്തു നിന്നുള്ള അതിക്രമം ചൈനയുടെ സാധാരണ സൈനികാഭ്യാസത്തെയും പരിശീലന പ്രവര്‍ത്തനങ്ങളെയും സാരമായി ബാധിച്ചുവെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് വു ക്വിയാന്‍ പറഞ്ഞത്. ഇത് അന്താരാഷ്ട്ര ചട്ടങ്ങളുടെ ലംഘനമാണെന്നും വു പറഞ്ഞു. കഴിഞ്ഞ മാസവും തങ്ങളുടെ വ്യോമമേഖലയിൽ അമേരിക്ക അന്തർവാഹിനികളുടെ നീക്കം മനസിലാക്കാനാവുന്ന വിമാനം പറത്തിയതായി ചൈന ആരോപിച്ചിരുന്നു

ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം അടുത്തിടെ വഷളായിരുന്നു. ലോകത്തിലാകെ കൊവിഡ് പരത്തിയത് ചൈനയാണെന്ന് ആരോപിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ചൈന വിരുദ്ധതയെ തിരഞ്ഞെടുപ്പ് കാര്‍ഡാക്കി മാറ്റുകയാണ്. വ്യാപാര കരാറുകള്‍ പരസ്പരം റദ്ദാക്കി തുടങ്ങിയ പോര് വളര്‍ന്ന് കോണ്‍സലേറ്റുകള്‍ പരസ്പരം അടച്ചുപൂട്ടുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നു.