തിരുവനന്തപുരം: സെക്രട്ടേറിയറ്റിലെ പൊതുഭരണ വിഭാഗത്തിലുണ്ടായ തീപിടിത്തവും സുരക്ഷാ വീഴ്ചയും അന്വേഷിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. സംഭവത്തിൽ അടിയന്തര നടപടികൾ സ്വീകരിക്കാൻ അഡീഷണൽ ചീഫ് സെക്രട്ടറിയെ ആഭ്യന്തരവകുപ്പ് ചുമതലപ്പെടുത്തി. സെക്രട്ടേറിയറ്റ് നോർത്ത് സാന്റ് വിച്ച് ബ്ലോക്കിൽ കഴിഞ്ഞ ദിവസം ഉണ്ടായ തീപിടിത്തവുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികളും യോഗം വിലയിരുത്തി. സുരക്ഷാ പോരായ്മകൾ പരിഹരിക്കാനാണ് അഡീഷണൽ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിരിക്കുന്നത്.
സുപ്രധാന രേഖകൾ സൂക്ഷിക്കുന്ന പൊതുഭരണ വിഭാഗത്തിൽ തീപിടിത്തമുണ്ടായത് വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു. തീപിടുത്തം സർക്കാരിന്റെ ഗൂഡാലോചനയാണെന്ന് ചൂണ്ടികാട്ടി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷനും സെക്രട്ടേറിയറ്റിന് അകത്ത് കയറുകയും പ്രതിഷേധിക്കുകയും ചെയ്തിരുന്നു. ഇതിൽ വൻ സുരക്ഷാ വീഴ്ചയുണ്ടെന്നും യോഗം വിലയിരുത്തി.
അതോടൊപ്പം മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ മെഡിക്കൽ, ദന്തൽ, നഴ്സിഗ്, ഫാർമസി, നോൺ മെഡിക്കൽ എന്നീ വിഭാഗങ്ങളിലെ അദ്ധ്യാപകരുടെ ശമ്പള പരിഷ്കരണവും മന്ത്രിസഭായോഗം അംഗീകരിച്ചു. ശമ്പള പരിഷ്ക്കരണം 01.01.2016 മുതൽ പ്രാബല്യത്തിൽ വരും. മെഡിക്കൽ, ദന്തൽ വിഭാഗങ്ങളിലെ അദ്ധ്യാപകർക്ക് ലഭിച്ചു വന്നിരുന്ന നോൺ പ്രാക്ടീസിംഗ് അലവൻസ് (എൻ.പി.എ), പേഷ്യന്റ് കെയർ അലവൻസ് (പി.സി.എ) എന്നിവ തുടർന്നു നൽകാനും യോഗത്തിൽ തീരുമാനമായി.
01.01.2006 ലാണ് കഴിഞ്ഞ ശമ്പളം പരിഷ്ക്കരണം നടത്തിയത്. 10 വർഷം കഴിയുമ്പോൾ ശമ്പള പരിഷ്ക്കരണം നടത്തണമെന്നാണ് ചട്ടം ഇതിനാലാണ് 01.01.2016 തീയതി പ്രാബല്യത്തിൽ ശമ്പളം പരിഷ്കരിച്ച് മന്ത്രിസഭാ യോഗം അംഗീകാരം നൽകിയത്.
സംസ്ഥാനത്ത് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂർ, കോഴിക്കോട് മലപ്പുറം കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിൽ രൂക്ഷമായ കടലാക്രണത്തിൽ മത്സ്യബന്ധന ഉപകരണങ്ങൾക്കുണ്ടായ നഷ്ടപരിഹാരം നൽകാനും യോഗത്തിൽ തീരുമാനമായി. യന്ത്രങ്ങൾക്കും ഉപകരണങ്ങൾക്കുമുണ്ടായ പൂർണ്ണമായ നാശനഷ്ടത്തിന് ആകെ 51.49 ലക്ഷം രൂപയും ഭാഗികമായ നാശനഷ്ടത്തിന് ആകെ 2.4 കോടി രൂപയും ഉൾപ്പെടെ 2.92 കോടി രൂപയാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും ഇതിനായി അനുവദിച്ചത്.