mehul-choksi-

ന്യൂഡൽഹി : നെറ്റ്ഫ്ലിക്സിലൂടെ ഒടിടി റിലീസിനൊരുങ്ങുന്ന ' ബാഡ് ബോയ് ബില്യണേഴ്‌സ് ' എന്ന സീരീസിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ച് വജ്രവ്യാപാരിയും നീരവ് മോദിയുടെ അമ്മാവനുമായ മെഹുൽ ചോക്സി. നിരവധി അഴിമതികളിലും തട്ടിപ്പുകളിലും പ്രതികളായ ഇന്ത്യയിലെ കുപ്രസിദ്ധ വ്യവസായികളുടെ കഥയാണ് ബാഡ് ബോയ് ബില്യണേഴ്‌സ് എന്ന ഡോക്യുമെന്ററി. വിജയ് മല്യ, മെഹുൽ ചോക്സി, നീരവി മോദി, രാമലിങ്ക രാജു, സുബ്രതാ റോയി എന്നിവരെ പറ്റി ഈ സീരിസിൽ പ്രതിപാദിക്കുന്നുണ്ട്.

സെപ്റ്റംബർ രണ്ടിനാണ് സീരിസിന്റെ റിലീസ്. ഇതിനു മുമ്പ് സീരീസിന്റെ പ്രിവ്യു കാണാൻ അനുവദിക്കണമെന്ന് കാട്ടിയാണ് ചോക്സി കോടതിയിൽ സമീപിച്ചിരിക്കുന്നത്.

വെബ്സീരീസ് ചോക്സിയ്ക്കെതിരെ ഇപ്പോൾ നടക്കുന്ന കേസിനെ ബാധിക്കുന്നുണ്ടോ എന്നറിയാനാണ് സീരീസ് കാണാൻ അനുവദിക്കണമെന്ന ആവശ്യവുമായെത്തിയിരിക്കുന്നതെന്ന് ചോക്സിയുടെ അഭിഭാഷകൻ പറഞ്ഞു. റിലീസിന് മുമ്പ് സീരീസ് കാണാൻ മാത്രം അനുവദിക്കണമെന്നാണ് അഭിഭാഷകൻ കോടതിയെ അറിയിച്ചത്. ഇന്നായിരുന്നു ഹർജിയിൽ വാദം കേൾക്കൽ നടന്നത്. രണ്ടു മണിക്കൂറോളം നീളുന്ന സീരീസിൽ രണ്ട് മിനിറ്റോളം ഭാഗത്താണ് ചോക്സിയുടെ കഥ ഉൾപ്പെടുത്തിയിരിക്കുന്നതെന്ന് നെറ്റ്ഫ്ലിക്സ് കോടതിയെ അറിയിച്ചു. നെറ്റ്ഫ്ലിക്സിൽ നിന്നും ഡൽഹി ഹൈക്കോടതി മറുപടി തേടിയിട്ടുണ്ട്. ഓഗസ്റ്റ് 28നാണ് അടുത്ത വാദം നടക്കുക.