കാമ്പ്നൂ: സ്പാനിഷ് ക്ലബ് ബാഴ്സലോണയുമായുള്ള രണ്ട് പതിറ്രാണ്ടോളം നീണ്ട പൊക്കിൾക്കൊടി ബന്ധം മുറിച്ച് മാറ്രാനൊരുങ്ങി ഇതിഹാസ താരം ലയണൽ മെസി. ക്ലബ് വിടാൻ അനുവദിക്കണമെന്ന അപേക്ഷ ബാഴ്സലോണ അധികൃതർക്ക് കഴിഞ്ഞ ദിവസം മെസി നൽകി. മെസിയുടെ അപേക്ഷ ലഭിച്ചയുടൻ ബാഴ്സയുടെ ഡയറക്ടർമാർ അടിയന്തര ബോർഡ് മീറ്രിംഗ് വിളിക്കുകയും ചെയ്തു. ഈ യോഗം കഴിഞ്ഞേ മെസിയുടെ ട്രാൻസ്ഫറിന്റെ കാര്യത്തിൽ ഔദ്യോഗിക വിശദീകരണം ഉണ്ടാകൂ. മുൻ ബാഴ്സ നായകൻ കാർലോസ് പുയോൾ മെസിയുടെ ക്ലബ് വിടാനുള്ള തീരുമാനത്തിന് ആശംസ അറിയിച്ച് ട്വീറ്റ് ചെയ്തു. കാറ്രലോണിയ പ്രസിഡന്റ് ക്വിം ടൊറ മെസിയുടെ സംഭാവനയ്ക്ക് നന്ദി പറഞ്ഞും ട്വീറ്റ് ചെയ്തു.
കഴിഞ്ഞ അഞ്ച് വർഷമായി ക്ലബ് പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യൂവുമായും ഡയറക്ട് ബോർഡുമായും മെസി അത്ര രസത്തിലല്ലായിരുന്നു. കഴിഞ്ഞയിടെ മാനേജ്മെന്റിനെതിരെ മെസി പരസ്യമായി രംഗത്തുവരികയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ച ചാമ്പ്യൻസ് ലീഗിൽ ബയേൺ മ്യൂണിക്കിനെതിരായ 2-8ന്റെ കനത്ത തോൽവി ബാഴസയെ പിടിച്ച് കുലുക്കി. ക്യുക്കെ സെറ്രിന് പകരം പുതിയ കോച്ചായെത്തിയ റൊണാൾഡ് കോമാൻ ടീമിൽ ശുദ്ധികലശം നടത്തുമെന്ന് അറിയിച്ചിരുന്നു. ലൂയിസ് സുവാരസിന് തന്റെ ടീമിൽ സ്ഥാനമുണ്ടാകില്ലെന്ന് വ്യക്തമാക്കിയ അദ്ദേഹം കഴിഞ്ഞ ദിവസം മെസിയുമായി സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് ക്ലബ് വിടണമെന്ന ആവശ്യവുമായി മെസി മാനേജ്മെന്റിനെ സമീപിച്ചത്. മെസിക്ക് ടീമിൽ പഴയ അപ്രമാദിത്യവും പ്രത്യേക പരിഗണനയും ഉണ്ടാകില്ലെന്ന് സംസാരത്തിൽ കോമാൻ വ്യക്തമാക്കിയെന്നും ഇത് മെസിയെ ചൊടിപ്പിച്ചെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.
അതേസമയം മെസി ബാഴ്സലോണ വിടുന്ന കാര്യത്തിലും അനിശ്ചിതത്വമുണ്ട്. അടുത്ത ജൂലായ് വരെ മെസിക്ക് ക്ലബുമായി കരാറുണ്ട്. എന്നാൽ സീസൺ അവസാനിച്ചാൽ എപ്പോൾ വേണമെങ്കിലും ടീം വിടാമെന്നും കരാറിലുണ്ട്. ഈ നിബന്ധന ഉപയോഗിച്ചാണ് മെസി ക്ലബ് വിടാനൊരുങ്ങുന്നത്. എന്നാൽ ഈ കാലാവധി ജൂണിൽ അവസാനിച്ചെന്നാണ് ബാഴ്സ അധികൃതർ പറയുന്നത്. അതേസമയം കൊവിഡിന്റെ പശ്ചാത്തലത്തിൽ സീസൺ നീണ്ടതിനാൽ ഇപ്പോൾ ക്ലബ് വിടാനാകുമെന്നാണ് മെസിയുടെ പക്ഷം. ഇത് കോടതിയിലേക്ക് നീളാൻ സാധ്യതയുണ്ട്. കരാറിന് വിരുദ്ധമായി മെസി ടീം വിട്ടാൽ 700 കോടി യൂറോ (ഏകദേശം 6142 കോടി രൂപ) ബാഴ്സയ്ക്ക് നൽകേണ്ടിവരുമെന്നാണ് ക്ലബ് അധികൃതർ പറയുന്നത്. ഇത് മെസി പോകുന്ന ക്ലബായിരിക്കും നൽകേണ്ടി വരിക. ഇത്രയും തുക മുടക്കാൻ ആരും തയ്യാറാകില്ലെന്നാണ് അവരുടെ പ്രതീക്ഷ. മെസി ബാഴ്സ വിടുന്നുവെന്ന വാർത്ത പുറത്ത് വന്നതോടെ വൻകിടക്ലബുകളെല്ലാം താരത്തെ സ്വന്തമാക്കാൻ രംഗത്തെത്തിക്കഴിഞ്ഞു. മെസിയുടെ പ്രിയ പരിശീലകൻ ഗ്വാർഡിയോള പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്രർ സിറ്റി, പി.എസ്.ജി, ഇന്റർമിലാൻ തുടങ്ങി വമ്പൻമാരെല്ലാം രംഗത്തുണ്ട്.
അതേസമയം ബർതേമ്യുവുൾപ്പെടെയുള്ള ഡയറക്ടർ ബോർഡ് രാജിവയ്ക്കാനുള്ള സമ്മർദ്ദ തന്ത്രമാണ് ടീം വിടാനുള്ള മെസിയുടെ അപേക്ഷയെന്നും ചിലവിലയിരുത്തലുകളുണ്ട്. മെസി ടീം വിടുന്നുവെന്ന വാർത്ത പുറത്തുവന്നപ്പഴേ ബാഴ്സലോണയുടെ ഡയറക്ടർ ബോർഡ് രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് നിരവധിപ്പേർ കാറ്റലോണിയൻ തെരുവുകളിൽ പ്രകടനം നടത്തിയിരുന്നു.
16 സീസണുകൾ
34 കിരീടങ്ങൾ
(4 ചാമ്പ്യൻസ് ലീഗ്, 10 ലാലിഗ)
6 ബാലൺഡിയോർ
പുരസ്കാരങ്ങൾ
ബാഴ്സ മാനേജ്മെന്റിനെതിരെ ആരാധകർ
മെസി ബാഴ്സലോണ വിടുന്നുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ കാറ്റലോനിയയിൽ വൻ പ്രതിഷേധങ്ങളാണ് അരങ്ങേറിയത്. ബാഴ്സ മാനേജ്മെന്റിനെതിരെ മുദ്രാവാക്യങ്ങളും ബാനറുകളുമുയർത്തി നിരവധിപ്പേർ തെരുവിലറങ്ങി. ബാഴ്സ പ്രസിഡന്റ് ജോസഫ് മരിയ ബർതോമ്യൂ രാജിവയ്ക്കണമെന്ന പ്ലക്കാർഡുകളും ബാനറുകളുമായി കാമ്പ്നൂവിൽ ആരാധകർ തിങ്ങിക്കൂടി. സോഷ്യൽ മീഡിയയിലൂടെയും നിരവധിപ്പേർ മെസി ബാഴ്സയിൽ തുടരണമെന്ന് ആവശ്യപ്പെട്ടു.
മെസി മാത്രമല്ല ലൂയിസ് സുവാരസ്, ഇവാൻ റാക്കിറ്റിച്, സാമുവൽ ഉംറ്റിറ്റി എന്നിവരെല്ലാം പുതിയ പരിശീലകൻ കോമാന്റെ വരവോടെ പുറത്തേക്കുള്ള പാതയിലാണ്.