sushanth

മുംബയ്: സി.ബി.ഐയ്ക്കും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനും പിന്നാലെ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയും അന്വേഷണം തുടങ്ങി. സുശാന്തും കാമുകി റിയ ചക്രബർത്തിയും മയക്കുമരുന്ന് ഉപയോഗിച്ചിരുന്നു എന്ന സി.ബി.ഐയുടെ കണ്ടെത്തലിനെ തുടർന്നാണിത്.

റിയ ഡിലീറ്റ് ചെയ്ത വാട്സാപ്പ് ചാറ്റുകൾ കമ്പ്യൂട്ടർ വിദഗ്ദ്ധർ തിരിച്ചെടുത്തതോടെയാണ് മയക്കുമരുന്ന് ഉപയോഗത്തെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ കഴിഞ്ഞ ദിവസം പുറത്തുവന്നത്. സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് ആദ്യം വന്ന റിപ്പോർട്ടിൽ താരം അമിതമായി മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി രേഖപ്പെടുത്തിയിരുന്നു. എന്നാൽ, പിന്നീടത് സൈക്യാട്രിസ്റ്റിന്റെ നിർദ്ദേശപ്രകാരം കഴിക്കുന്ന മരുന്നുകളാക്കി മാറ്റിയിരുന്നു. റിയയാണ് സുശാന്തിന് മയക്കുമരുന്നുകൾ നൽകിയിരുന്നതെന്ന വിവരങ്ങളും ചാറ്റ് ഹിസ്റ്ററിയിലുണ്ടെന്നാണ് അറിയുന്നത്. 2017മുതൽ 2020വരെയുള്ള ചില ചാറ്റുകളാണ് റിയ ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്ത് കളഞ്ഞത്. അതൊക്കെ ഡ്രഗ് ഡീലിംഗുകളുമായി ബന്ധപ്പെട്ടുള്ളവയായിരുന്നുവെന്നാണ് വിവരം.

എം.ഡി.എം.എ, ഹാഷിഷ്, കഞ്ചാവ് തുടങ്ങിയവയാണ് റിയ ഉപയോഗിച്ചിരുന്നതെന്നും കഴിഞ്ഞ ജനുവരിയിൽ സുശാന്ത് കഞ്ചാവ് ഉപയോഗം നിറുത്താമെന്ന് വാക്കു നൽകിയെന്ന് സുഹൃത്തിനെ അറിയിച്ചെന്നുമൊക്കെയുള്ള വിവരങ്ങളും ചാറ്റിലുണ്ട്.

എന്നാൽ, റിയ ഒരിക്കലും മയക്കുമരുന്ന് ഉപയോഗിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ഏതു തരം അന്വേഷണത്തിനും തയ്യാറാണെന്നും റിയയുടെ അഭിഭാഷകൻ സതീഷ് വ്യക്തമാക്കി. 'റിയ ഡ്രഗ് ചാറ്റ്"എന്ന ഹാഷ്‌ടാഗിൽ സോഷ്യൽമീഡിയയിൽ പ്രതിഷേധം ശക്തമാണ്.