കൊവിഡ് കാലത്താണ് മാസുകളുടെ ആവശ്യം എത്രത്തോളം വലുതാണെന്ന് നമുക്ക് മനസിലായത്. രോഗവാഹകരായ വൈറസുകളെ അന്തരീക്ഷത്തില്‍ വ്യാപിപ്പിക്കാതിരിക്കുന്നതില്‍ മാസ്‌കുകള്‍ പ്രധാന പങ്കാണ് വഹിക്കുന്നത്. രോഗിയായ ഒരാള്‍ മാസ്‌ക് ധരിക്കുന്നതിലൂടെ ചുമയിലൂടെയും തുമ്മലിലൂടെയുമുള്ള രോഗാണുക്കളെ പുറന്തള്ളുന്ന പ്രവര്‍ത്തി തടയാനാവും. എന്നാല്‍ നമ്മള്‍ ഉപയോഗിക്കുന്ന മാസ്‌കുകളുടെ ഗുണമേന്‍മയും പ്രധാനമാണ്. കൊവിഡ് രോഗം പരത്തുന്ന രോഗാണുക്കളുടെ വ്യാപനം തടയുന്നതില്‍ എന്‍ 95 മാസ്‌കുകളാണ് ഏറെ പ്രയോജനകരമെന്ന് ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിക്കുന്നു. ഐ എസ് ആര്‍ ഒയിലേതടക്കമുള്ള ഗവേഷകരുടെ ഒരു സംഘമാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.
രോഗവാഹകരുടെ ചുമയിലൂടെയാണ് വൈറസുകള്‍ കൂടുതലും പടരരുന്നത്. ചുമയ്ക്കുമ്പോള്‍ രോഗാണുക്കളടക്കമുള്ള വസ്തുക്കളുടെ സഞ്ചാരത്തെ അപഗ്രഥിച്ചാണ് പഠനം നടത്തിയത്. വ്യത്യസ്ത മാസ്‌കുകള്‍ ഉപയോഗിച്ച് ഇത് മനസിലാക്കുകയായിരുന്നു. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഫിസിക്സ് ഓഫ് ഫ്ളൂയിഡ്സ് ജേണലില്‍ പ്രസിദ്ധീകരിച്ചു. ചുമയുടെ തിരശ്ചീന വ്യാപനം കുറയ്ക്കുന്നതിന് എന്‍ 95 മാസ്‌കുകള്‍ ഏറ്റവും ഫലപ്രദമാണെന്ന് കണ്ടെത്തി.
സാധാരണ രീതിയില്‍ മാസ്‌ക് ഉപയോഗിക്കാത്ത ഒരാള്‍ ചുമയ്ക്കുമ്പോള്‍ അണുക്കള്‍ മൂന്ന് മീറ്ററോളം മുന്നിലേക്ക് തെറിക്കുന്നുവെങ്കില്‍ എന്‍ 95 മാസ്‌ക് ഉപയോഗിക്കുമ്പോള്‍ ഇത് 0.1 മുതല്‍ 0.25 മീറ്റര്‍ വരെ പരിമിതപ്പെടുത്തുന്നു. ഒരു സര്‍ജിക്കല്‍ മാസ്‌കിന് ഇത് അരമീറ്റര്‍ മുതല്‍ 1.5മീറ്റര്‍ വരെയായി നിജപ്പെടുത്താമെന്നും പഠനം സൂചിപ്പിക്കുന്നു. മാസ്‌കിനൊപ്പം സാമൂഹിക അകലവും കൃത്യമായി പാലിക്കേണ്ട ആവശ്യകതയും ഇതിലൂടെ മനസിലാക്കാനാവും. അതേസമയം കൈമുട്ട് ഉപയോഗിച്ച് ചുമയെ തടുക്കുന്നത് നല്ല മാതൃകയായി സ്വീകരിക്കാനാവില്ലെന്ന അഭിപ്രായമാണ് ഗവേഷകര്‍ക്കുള്ളത്.
എന്‍ 95 മാസ്‌കുകള്‍ ലഭിക്കാത്തവര്‍ തുണി മാസ്‌കെങ്കിലും ഉപയോഗിക്കുന്നത് ശീലമാക്കണം. ആശുപത്രി പോലെയുള്ള ഇടങ്ങളില്‍ പോകുമ്പോള്‍ പക്ഷേ കൂടുതല്‍ ശ്രദ്ധ നല്‍കണം. വാല്‍വുകളുള്ള എന്‍ 95 മാസ്‌കുകള്‍ ഫലപ്രദമല്ലെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിരുന്നു.