spy-jet

ബീജിംഗ്: ചൈനീസ് സൈന്യം വെടിവയ്‌പ് പരിശീലനം നടത്തുന്ന നിരോധിത മേഖലയിൽ അമേരിക്കയുടെ ചാരവിമാനം അതിക്രമിച്ച് കയറി നിരീക്ഷണം നടത്തിയെന്ന് ആരോപിച്ച് ചൈന.

വടക്കൻ ചൈനയിലെ അതീവ സുരക്ഷാ മേഖലയിലാണ് അമേരിക്കയുടെ 'യു - 2" നിരീക്ഷണവിമാനം എത്തിയതെന്നും നഗ്നമായ പ്രകോപനമാണിതെന്നും ചൈനീസ് പ്രതിരോധമന്ത്രാലയ വക്താവ് വു ക്യുവാനെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ചൈനീസ് പീപ്പിൾ ലിബറേഷൻ ആർമിയുടെ ഡ്രിൽ നടക്കുന്നതിനിടെ സൗത്ത് ചൈന കടലിന് മുകളിലൂടെ അമേരിക്കയുടെ ആർ.സി 135 എസ് നിരീക്ഷണവിമാനം പറന്നിരുന്നു.

ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണകൾ ലംഘിക്കുന്നതാണ് അമേരിക്കയുടെ നടപടിയെന്നും ചൈന കടുത്ത അമർഷം അറിയിച്ചിട്ടുണ്ടെന്നും പ്രതിരോധമന്ത്രാലയം വ്യക്തമാക്കി.
വാണിജ്യ, രാഷ്ട്രീയ വിഷയങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഏറെ വഷളായിരിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ വിവാദം ഉയർന്നിരിക്കുന്നത്. ചൈനയുടെ അവകാശവാദങ്ങൾ ചോദ്യം ചെയ്തുകൊണ്ട് തായ്‌വാന് സമീപത്തും ദക്ഷിണ ചൈനാ കടലിലും അമേരിക്കൻ നാവികസേന പ്രവർത്തനങ്ങൾ സജീവമാക്കിയിരിക്കുകയാണ്.