hasrani

തിരുവനന്തപുരം: കാര്യവട്ടം എൽ.എൻ.സി.പി.ഇ മുൻ പ്രിൻസിപ്പലും പ്രമുഖ പരിശീലകനുമായ ഡോ.എസ്.എസ്. ഹസ്റാണി (72) എത്യോപ്യയിലെ മെക്കെലെയിൽ നിര്യാതനായി. വിസിറ്റിംഗ് പ്രൊഫസറായി സേവനം അനുഷ്ഠിക്കുകയായിരുന്ന ഹ‌സ്റാണി ഇന്നലെ പുലർച്ചെ രണ്ട് മണിക്ക് താമസസ്ഥലത്ത് പക്ഷാഘാതത്തെ തുടർന്ന് കുഴഞ്ഞ് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇദ്ദേഹത്തിന് നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 1948 ആഗസ്റ്റ് 1ന് കർണാകയിലെ ബൽഗാമിലാണ് ജനനം. ബി.എസ്.സി, ബി.പി.എസ്,​ എം.പി.എഡ് എന്നിവ നേടിയ ശേഷം പാട്യാലയിൽ നിന്ന് ബാസ്കറ്റ് ബാളിൽ കോച്ചിംഗ് ഡിപ്ലോമ സ്വന്തമാക്കി. 1985ൽ കാര്യവട്ടം സായ് എൽ.എൻ.സി.പി.ഇ പ്രവർത്തനം ആരംഭിച്ചതു മുതൽ ഇവിടെയുണ്ടായിരുന്നു. കോച്ചായും അദ്ധ്യാപകനായും ലക്ചററായും വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹം 2003 മുതൽ 2011വരെ പ്രിൻസിപ്പലായി. കൊവിഡിന്റെ പശ്ചാത്തലത്തിൽ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ കഴിയാത്തതിനാൽ എത്യോപ്യയിൽ തന്നെ സംസ്കരിക്കും. ഭാര്യ: എസ്.വിമല. മക്കൾ: സൂരജ് (കെ.എസ്.ഇ.ബി)​,​ സുമൻ (ലണ്ടൻ)​. മരുമകൻ: സുധീർ പാട്ടീൽ.