india-srilanka-

ന്യൂഡല്‍ഹി : ചൈനയൊരുക്കിയ കടംകൊടുക്കല്‍ കെണിയില്‍ വീണ് ഇന്ത്യവിരുദ്ധ നിലപാട് സ്വീകരിച്ച ശ്രീലങ്കയ്ക്ക് മനം മാറ്റം. ഇനിമുതല്‍ ശ്രീലങ്കന്‍ വിദേശ നയം ഇന്ത്യ ഫസ്റ്റ് എന്ന തത്വത്തില്‍ അധിഷ്ഠിതമായിരിക്കുമെന്ന് പരസ്യമായി പ്രഖ്യാപിച്ച് ശ്രീലങ്കന്‍ വിദേശകാര്യ സെക്രട്ടറി. ശ്രീലങ്കയില്‍ ചൈനയുടെ സാന്നിദ്ധ്യം സംബന്ധിച്ച് ന്യൂഡല്‍ഹിയുടെ ആശങ്കകള്‍ക്ക് അടിസ്ഥാനമില്ലെന്നും തങ്ങളുടെ മണ്ണില്‍ നിന്നും ഇന്ത്യയ്‌ക്കെതിരെ ഒരു നടപടിയ്ക്കും തങ്ങള്‍ അവസരം നല്‍കില്ലെന്നും അടുത്തിടെ നിയമിതനായ വിദേശകാര്യ സെക്രട്ടറി ജയനാഥ് കൊളംബേജ് വ്യക്തമാക്കി. ഈ മാസം പതിനാലിനാണ് ജനനാഥിനെ ശ്രീലങ്കന്‍ പ്രസിഡന്റ് പ്രസിഡന്റ് ഗോതബയ രാജപക്‌സെ നിയമിച്ചത്. സൈനിക പശ്ചാത്തലമുള്ള ആദ്യത്തെ വിദേശകാര്യ സെക്രട്ടറിയെന്ന പ്രത്യേകത കൂടി ഇദ്ദേഹത്തിനുണ്ട്.

ഇന്ത്യ ഫസ്റ്റ് പോളിസിയെ കുറിച്ചുള്ള ശ്രീലങ്കന്‍ കാഴ്ചപ്പാട് ജയനാഥ് കൊളംബേജ് ഡെയ്ലി മിററിന് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്. 'ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ല' എന്ന് സ്പഷ്ടമായി ഈ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഹംബട്ടോട്ട തുറമുഖ നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം നല്‍കി ഒടുവില്‍ രാജ്യത്തിന് തന്നെ ബാദ്ധ്യതയായ അവസ്ഥ ചൈനയില്‍ നിന്നും ശ്രീലങ്കയ്ക്കുണ്ടായിരുന്നു. ഒടുവില്‍ തുറമുഖത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അവകാശം ചൈനയ്ക്ക് വിട്ടുകൊടുക്കേണ്ട അവസ്ഥയായി. 2017 ല്‍ ശ്രീലങ്ക 99 വര്‍ഷത്തെ പാട്ടത്തിന് ഹംബന്റോട്ട തുറമുഖം ചൈനയ്ക്ക് കൈമാറി. ഇതോടെയാണ് ഇടക്കാലത്തെ ചൈന പ്രേമം വിട്ടെറിഞ്ഞ് ഇന്ത്യയോട് അടുക്കാന്‍ ശ്രീലങ്ക തീരുമാനിച്ചത്. ഇന്ത്യയ്‌ക്കെതിരെ ഞങ്ങളുടെ പ്രദേശം ഉപയോഗിക്കാന്‍ ഒരു രാജ്യത്തെയും അനുവദിക്കില്ലെന്ന ശ്രീലങ്കയുടെ മുന്നറിയിപ്പും ചൈനയ്ക്ക് പ്രഹരമാവും. ഇന്ത്യയ്‌ക്കെതിരെ പ്രതിരോധ ആവശ്യങ്ങള്‍ക്ക് തങ്ങളുടെ മണ്ണില്‍ അനുവാദം ലഭിക്കില്ലെന്ന് ഇതിലൂടെ രാജ്യം വ്യക്തമാക്കുന്നു.