വിസ്കോൻസിൻ: അമേരിക്കയിലെ കെനോഷെ നഗരത്തിൽ മക്കൾ നോക്കിനിൽക്കെ, ജേക്കബ് ബ്ളേക്ക് എന്ന ആഫ്രോ - അമേരിക്കൻ വംശജനെ പൊലീസ് ഏഴുതവണ വെടിവച്ച സംഭവത്തിൽ മൂന്നാംദിനവും പ്രതിഷേധാഗ്നി ആളിക്കത്തുന്നു. ചൊവ്വാഴ്ച കെനോഷെ നഗരത്തിൽ നടന്ന വെടിവയ്പിൽ രണ്ടുപേർ കൊല്ലപ്പെട്ടു. മൂന്നു പേർക്ക് പരിക്കേറ്റു.വെടിയേറ്റ ഒരാളെ ആശുപത്രിയിൽ എത്തിച്ചെന്നും ജീവന് അപായമില്ലെന്നും കെനോഷെ പൊലീസ് അറിയിച്ചു. പ്രക്ഷോഭകർക്കിടയിലുണ്ടായ വെടിവയ്പിലാണ് രണ്ടുപേർ കൊല്ലപ്പെട്ടതെന്നാണ് പൊലീസ് വാദം.
ജേക്കബ് ബ്ലേക്കിന് നേരെയുണ്ടായ പൊലീസ് വെടിവയ്പിൽ പ്രതിഷേധം ശക്തമായതിന് പിന്നാലെ വിസ്കോൻസിൽ ഗവർണർ ടോണി എവേഴ്സ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കൂടുതൽ നാഷണൽ ഗാർഡിനെ നിയോഗിക്കുമെന്ന് ഗവർണർ അറിയിച്ചു. രണ്ട് സ്ത്രീകൾ തമ്മിലുള്ള അടിപിടി പരിഹരിക്കാൻ ശ്രമിക്കുമ്പോളാണ് 29കാരനായ ബ്ലേക്കിന് വെടിയേറ്റത്.