ഹോചിമിൻ സിറ്റി :92 വയസുണ്ട് ഈ അപ്പുപ്പന്. പേര് ഗ്യൂയെൻ വാൻ ചിയെൻ. വിയറ്റ്നാമിൽ, ഹോചിമിൻ നഗരത്തിൽ നിന്നും 50 മൈൽ പടിഞ്ഞാറ്, തെക്കൻ മെകോംഗ് ഡെൽറ്റാ പ്രദേശത്താണ് ചിയെൻ ജീവിക്കുന്നത്. കഴിഞ്ഞ 80 വർഷമായി ചിയെൻ തന്റെ തലമുടി വെട്ടിയിട്ടില്ല. ഇപ്പോഴിതാ ജട പിടിച്ച് നീണ്ടു കിടക്കുന്ന ഈ മുടിയുടെ നീളമെത്രയാണെന്ന് അറിയാമോ? അഞ്ച് മീറ്റർ ( 16 അടി ) ആണ്.
ഇത്രയും നാളായി തന്റെ തലമുടി മുറിയ്ക്കാതിരിക്കാൻ ചിയെന് ഒരു കാരണമുണ്ട്. തന്റെ തലമുടി മുറിച്ചാൽ താൻ മരിക്കുമെന്നാണ് ചിയെൻ വിശ്വാസിക്കുന്നത്. ഇക്കഴിഞ്ഞ 80 വർഷമായി മുടി ഒന്ന് ചീകിയിട്ട് പോലുമില്ല. എന്തിന് ഒന്ന് നനച്ചിട്ടുപോലുമില്ല.! പക്ഷേ, മുടിയ്ക്ക് ശ്രദ്ധ കൊടുക്കാതിരിക്കാൻ താൻ തയാറല്ലെന്ന് ചിയെൻ പറയുന്നു. നന്നായി ഉണക്കി വൃത്തിയായി ഒരു സ്കാർഫിൽ പൊതിഞ്ഞാണ് ഈ കൂറ്റൻ തലമുടിക്കെട്ടിന് ചിയെൻ സംരക്ഷണം നൽകുന്നത്.
ഒമ്പത് ശക്തികളെയും ഏഴ് ദൈവങ്ങളെയും ആരാധിക്കുന്ന ഒരു സന്യാസി കൂടിയാണ് ചിയെൻ. കുട്ടിയായിരിക്കെ സ്കൂളിൽ പഠിത്തം തുടരണമെങ്കിൽ മുടി മുറിയ്ക്കണം എന്ന ഘട്ടം വന്നു. ഒടുവിൽ മൂന്നാം ക്ലാസിൽ വച്ച് പഠനം നിറുത്തി. അന്ന് മുതലാണ് തന്റെ തലമുടി മുറിയ്ക്കുകയോ ചീകുകയോ നനയ്ക്കുകയോ ഇല്ലെന്ന് ചിയെൻ ശപഥമെടുത്തത്. ദൈവത്തിൽ നിന്നുള്ള ഉൾവിളി പ്രകാരമാണ് താൻ മുടി നീട്ടി വളർത്തുന്നതെന്ന് ചിയെൻ പറയുന്നു.
' ഡുവാ ' എന്ന കാലഹരണപ്പെട്ട മതവിശ്വാസം പിന്തുടരുന്നയാളാണ് ചിയെൻ. ഈ മതത്തിന്റെ സ്ഥാപകൻ തേങ്ങയെ ആണത്രെ ജീവൻ നിലനിറുത്താൻ ആശ്രയിച്ചിരുന്നത്. ഡുവാ തെറ്റായ വിശ്വാസമാണെന്ന് കാട്ടി വിയറ്റ്നാം നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ചിയെന്റെ അഞ്ചാമത്തെ മകനായ ലുവോമിന് 62 വയസുണ്ട്. തന്റെ പിതാവിന്റെ നീണ്ട തലമുടി വിശുദ്ധമാണെന്നാണ് ലുവോമും വിശ്വസിക്കുന്നത്. കൂറ്റൻ തലമുടിയെ പരിചരിക്കാൻ ചിയെനെ സഹായിക്കുന്നതും ലുവോം ആണ്.