ചില പേരുകളെങ്കിലും കേള്‍ക്കുമ്പോള്‍ എന്താ അങ്ങനെയൊരു പേര് വന്നത് എന്ന് ചോദിക്കാറില്ലേ ? ചില പേരുകള്‍ക്ക് ചില കഥകള്‍ പറയുവാനുണ്ടാവും. അത്തരമൊരു കഥ ഇല്ലെങ്കില്‍ ഒരമ്മ മകന് സ്‌കൈ (ആകാശം) എന്ന് പേരിടുമോ ? ആ കഥ ഇങ്ങനെയാണ്... 35 ആഴ്ച പ്രായമായ ഗര്‍ഭാവസ്ഥയില്‍ ഒരു ദിവസം ക്രിസ്റ്റല്‍ ഹിക്സ് എന്ന അലാസ്‌കയില്‍ താമസിക്കുന്ന യുവതിക്ക് പ്രസവ വേദനയുണ്ടായി. തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള നിര്‍ദ്ദേശമാണ് ഡോക്ടര്‍മാര്‍ നല്‍കിയത്. ഇതേ തുടര്‍ന്ന് എയര്‍ ലിഫ്റ്റിംഗി നടത്തുവാന്‍ തീരുമാനിച്ചു. പിറ്റേന്നാള്‍ ക്രിസ്റ്റല്‍ ഹിക്സിനെയും വഹിച്ചുള്ള എയര്‍ ആംബുലന്‍സ് 18,000 അടി ഉയരത്തില്‍ പറക്കവേ അത് സംഭവിച്ചു. ഹിക്സ് ഒരു ആണ്‍കുഞ്ഞിന് ജന്‍മം നല്‍കി. മെഡിക്കല്‍ സ്റ്റാഫുകളടക്കം വിമാനത്തിലുള്ളതിനാല്‍ തന്നെ അമ്മയ്ക്കും കുഞ്ഞിനും സമ്പൂര്‍ണ പരിചരണം ആകാശത്ത് വച്ച് ലഭിച്ചിരുന്നു.
ഹിക്സിന്റെ നാലമത്തെ കുട്ടിയ്ക്കാണ് ആകാശത്ത് ജനിക്കുവാന്‍ ഭാഗ്യമുണ്ടായത്. വളരെ അപൂര്‍വ്വമായി മാത്രമാണ് ആകാശത്ത് വിമാനത്തില്‍ കുട്ടികള്‍ ജനിക്കുന്നത്. കുട്ടിയ്ക്ക് എന്ത് പേരിടണം എന്ന ആലോചന ഒടുവില്‍ സ്‌കൈ എന്ന പേരിലാണ് അവസാനിച്ചത്, കാരണം വളരുമ്പോള്‍ മകന് അതിന്റെ കാരണം പറഞ്ഞു മനസിലാക്കാന്‍ നല്ലൊരു കഥ ഹിക്സിന്റെ കൈയ്യിലുണ്ട്, ഇപ്പോള്‍ നമുക്കും അറിയാവുന്ന ആ കഥ സ്‌കൈ എന്നറിയുമോ എന്തോ ? ഈ മാസം 22നാണ് ഹിക്സിനെയും സ്‌കൈയെയും ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്തത്.