സതാംപ്ടൺ: ഇംഗ്ലണ്ടും പാകിസ്ഥാനും തമ്മിലുള്ള മൂന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചു. ഇതോടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. മത്സരത്തിൽ മഴയും നിറഞ്ഞാടി. അനസാന ദിനം രണ്ടിന് 100 റൺസ് എന്ന നിലയിലാണ് പാകിസ്താൻ ഇന്നിംഗ്സ് പുനരാരംഭിച്ചത്.
എന്നാൽ മഴമൂലം മത്സരം തടസ്സപ്പെട്ടു. പാകിസ്ഥാൻ 187/4 എന്ന നിലയിലായിരിക്കെ മത്സരം അവസാനിപ്പിക്കാൻ ഇരു ക്യാപ്ടൻമാരും തീരുമാനിക്കുകയായിരുന്നു. ഇംഗ്ലീഷ് ബൗളർ ജയിംസ് ആൻഡേഴ്സണിന്റെ ടെസ്റ്റിൽ 600 വിക്കറ്റ് എന്ന ചരിത്ര നേട്ടത്തിനും മൂന്നാം ടെസ്റ്റ് സാക്ഷിയായി.
നേരത്തേ ഇംഗ്ലണ്ട് ഒന്നാമിന്നിംഗ്സിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 583 റൺസ് നേടി ഡിക്ലയർ ചെയ്തു.
മറുപടി ബാറ്റിങ്ങിൽ പാകിസ്താൻ 273 റൺസിന് പുറത്തായി. തുടർന്ന് പാകിസ്ഥാന് ഫോളോ ഓൺചെയ്യേണ്ടിവന്നു. എന്നാൽ അവസാന രണ്ട് ദിവസം മഴ കളിച്ചതോടെ പാകിസ്ഥാൻ തോൽവിയിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. നേരത്തെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. രണ്ടാം ടെസ്റ്റ് മഴ മൂലം ഉപേക്ഷിക്കുകയും ചെയ്തു.