തിരുവനന്തപുരം:സംസ്ഥാനത്ത് ഓണാഘോഷങ്ങളുടെ ഭാഗമായി പ്രത്യേക മാർഗ്ഗനിർദേശങ്ങൾ പുറത്തിറക്കി കേരള സർക്കാർ. കണ്ടെയ്ന്‌മെന്റ് സോണുകൾ ഒഴികെയുളള മറ്റു പ്രദേശങ്ങളിൽ രാവിലെ ഏഴ് മുതൽ രാത്രി ഒമ്പത് മണി വരെ വ്യാപാരസ്ഥാപനങ്ങൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുമതി നൽകി.
കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വ്യാപാരം ഉറപ്പുവരുത്തുന്നതിനായി സർക്കാർ വ്യാപാരികളുമായി അടിയന്തര യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങളുടെ വലിപ്പം അനുസരിച്ചു വേണം ആളുകളെ അകത്തേക്ക് പ്രവേശിപ്പിക്കാനെന്നും നിർദേശമുണ്ട്. ഒരേസമയം എത്ര പേർക്ക് കടകളിൽ പ്രവേശിക്കാമെന്നുളളത് വ്യാപാരികൾ പ്രദർശിപ്പിക്കണം.കടയിലെത്തുന്നവർക്കും വ്യാപാരികൾക്കും മാസ്ക് നിർബന്ധമാണ്. എല്ലാ കടകളിലും സാനിറ്റൈസർ കരുതണമെന്നുംസർക്കാർ നിർദേശിച്ചു. ഓണം വിപണിയിൽ തിരക്ക് അനുഭവപ്പെടാൻ സാദ്ധ്യതയുള്ളതിനാൽ താൽകാലിക പൊതു മാർക്കറ്റുകൾ സജ്ജീകരിക്കുകയും വിപണിയിൽ സാമൂഹിക അകലം പാലിക്കാനുളള നടപടികൾ കെെക്കൊളളുകയും വേണം. ഇതിനായി പരിശീലനം ലഭിച്ചവരുടെ മേൽനോട്ടം ഉണ്ടാകണമെന്നും നിർദേശമുണ്ട്.
സമൂഹസദ്യ വട്ടങ്ങളും പ്രദർശന വ്യാപാര മേളകളും ഒഴിവാക്കണമെന്നും സർക്കാർ നിർദേശത്തിൽ പറയുന്നു. അതോടൊപ്പം ഓഫീസുകളിലെ പൂക്കളങ്ങൾ ഒഴിവാക്കണം. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള പൂക്കൾ വാങ്ങരുതെന്നും നേരത്തെ സർക്കാർ നിർദേശിച്ചിരുന്നു.